ജീവതാളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടിയിൽ ഹെൽത്തി ഫുഡ് പ്ലേറ്റ് കാമ്പയിൻ സംഘടിപ്പിച്ചു
തിരുവമ്പാടി: ലോക ഹൃദയദിന ജില്ലാതല ഉദ്ഘാടനത്തിന് മാറ്റുകൂട്ടി ഹെൽത്തി ഫുഡ് പ്ലേറ്റ് കാമ്പയിൻ സംഘടിപ്പിച്ചു. ജീവിതശൈലീ മാറ്റത്തിലൂടെ സമ്പൂർണ ആരോഗ്യം എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായാണ് ഹെൽത്തി ഫുഡ് പ്ലേറ്റ് കാമ്പയിൻ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിൽ നടത്തിയ പരിപാടി ഹൃദയദിനത്തിൽ സ്കൂളുകളിലും അങ്കണവാടികളിലുംകൂടി നടത്തുകയായിരുന്നു.
കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.കെ രാജാറാം, ജില്ലാ അഡീഷണൽ ഡി.എം.ഒ ഡോ.ദിനേശൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.വി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ലിസി അബ്രഹാം, രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, കെ.ഡി ആന്റണി, ലിസി സണ്ണി തുടങ്ങിയവർ സംസാരിച്ചു.