ഓട്ടോതൊഴിലാളികൾ മിന്നൽപ്പണിമുടക്ക് നടത്തി
തിരുവമ്പാടി : പുല്ലൂരാംപാറ പള്ളിപ്പടി അങ്ങാടിയിൽ പൊതുജനത്തെ വലച്ച് ഓട്ടോതൊഴിലാളികളുടെ മിന്നൽപ്പണിമുടക്ക്. ഓട്ടോട്രാക്കിനു സമീപത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഗ്രാമപ്പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിഷന്റെ നിർദേശങ്ങളിലുളള അമർഷമാണ് പൊടുന്നനെയുളള സമരത്തിനിടയാക്കിയത്.
മൂന്ന് ഓട്ടോകൾ നിലവിലെ ട്രാക്കിലും ബാക്കി ഓട്ടോകൾ സർവീസ് സഹകരണ ബാങ്കിന് എതിർവശമുള്ള പാർക്കിങ് ഏരിയയിലും നിർത്തിയിടണമെന്ന് പഞ്ചായത്തധികൃതർ നേരത്തേ നിർദേശിച്ചിരുന്നെങ്കിലും ഓട്ടോ തൊഴിലാളികൾ ചെവികൊണ്ടില്ല. ഇതേത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറി തിരുവമ്പാടി പോലീസിന്റെ സഹായംതേടി. പോലീസ് ശ്രമവും ഫലംകണ്ടില്ല. ഇതിനിടെയാണ് മിന്നൽപ്പണിമുടക്കുണ്ടായത്. വെളളിയാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിൽ എസ്.ഐ. ഇ.കെ. രമ്യയുടെ സാന്നിധ്യത്തിൽ അനുരഞ്ജനയോഗം ചേരുന്നുണ്ട്. ഹയർസെക്കൻഡറി സ്കൂൾ, മലബാർ സ്പോർട്‌സ് അക്കാദമി, ബഥാനിയ ധ്യാനകേന്ദ്രം തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. പാർക്കിങ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.