Thiruvambady

ഓളിക്കൽ റോഡിന് 2.5 കോടിയുടെ ഭരണാനുമതി

തിരുവമ്പാടി: ഭാരവാഹനങ്ങളുടെ അനിയന്ത്രിതമായ ഓട്ടംകാരണം തകർന്നു തരിപ്പണമായ പുന്നക്കൽ-ഓളിക്കൽ-പൂവാറൻതോട് റോഡ് നവീകരണത്തിന് 2.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് പണി ഉടൻ ആരംഭിക്കാൻ നടപടി കൈക്കൊള്ളുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഓളിക്കൽ വികസന സമിതിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടയൽ ഉൾപ്പെടെ ഒട്ടേറെ പ്രതിഷേധ പരിപാടികളാണ് ഒരു വർഷത്തിനിടെ നടന്നത്. തിരുവമ്പാടി പി.ഡബ്ല്യു.ഡി സെക്‌ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ഉൾപ്പെടെ നടത്തിയിട്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനോ റോഡ് നന്നാക്കാനോ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിൽ നവംബറിൽ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.

തിരുവമ്പാടി-പുന്നക്കൽ-ഓളിക്കൽ-ആനക്കല്ലുംപാറ-പൂവാറൻതോട് പി.ഡബ്ല്യു.ഡി റോഡിൽ പുന്നക്കൽ മുതൽ ഓളിക്കൽ വരെയുള്ള മൂന്നരക്കിലോമീറ്റർ ഭാഗം ഏതാണ്ട് പൂർണമായും തകർന്നിരിക്കുകയാണ്. സംസ്ഥാന വൈദ്യുതി വകുപ്പിന്റെ നിർമാണത്തിലിരിക്കുന്ന പൂവാറൻതോട്, ഓളിക്കൽ മിനി ജലവൈദ്യുത പദ്ധതിക്കായി യന്ത്രങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പദ്ധതി പ്രദേശത്തുനിന്ന്‌ പൊട്ടിച്ചുമാറ്റുന്ന ഭീമൻ പാറകളും മറ്റും കയറ്റി വലിയ ടോറസ് വാഹനങ്ങൾ നിരന്തരമായി ഓടുന്നതുകൊണ്ട് റോഡിന്റെ പലഭാഗങ്ങളും ഇടിഞ്ഞുതാഴ്ന്നു പോയിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button