പെരുമഴയിൽ കല്ലും മണ്ണും ഒലിച്ചുപോയി; വൻകിടങ്ങായി ജോയിറോഡ്
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ ജോയി റോഡിൽ ജൽജീവൻ മിഷൻ കുടിവെള്ളപദ്ധതിക്കായി വെട്ടിക്കീറിയ ഭാഗം പെരുമഴയിൽ തകർന്നുതരിപ്പണമായി. മണ്ണിട്ട് പൂർവസ്ഥിതിയിലാക്കാത്ത അരക്കിലോമീറ്റർ ഭാഗത്തെ കല്ലും മണ്ണും ഒലിച്ചുപോയി. ഇതിനോടനുബന്ധിച്ച താന്നിപൊതി കോളനി-ചോക്കാട്ട്പടി റോഡും ഉരുൾപൊട്ടലിന് സമാനമായി ഭീമൻ കിടങ്ങായി മാറിയിരിക്കുകയാണ്.
വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്തവിധം പാടെ കുഴിയായി മാറിയ ജോയിറോഡ് ഉടൻ നന്നാക്കണമെന്നാശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. സ്കൂൾകുട്ടികളുമായി പോകുന്ന വാഹനങ്ങൾ സാഹസികമായാണ് പോക്കുവരവ് നടത്തുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള മണ്ണും കല്ലും മഴവെള്ളത്തിൽ ഒലിച്ചിറങ്ങി താന്നിപൊതി കോളനിക്ക് തിരിയുന്ന കവലയിൽ കെട്ടിക്കിടക്കുകയാണ്.
ഗതാഗതപ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് എൻ.സി.പി.(എസ്) പുല്ലുരാംപാറ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജോസഫ് പുലക്കുടിയിൽ അധ്യക്ഷനായി. ജഗദീശ്വൻ മുതിയാർകുളം, ജോൺസൻ പുത്തൻപുരക്കൽ, ബി.പി. രാജേഷ് എന്നിവർ സംസാരിച്ചു.