കക്കൂസ് മാലിന്യം തോട്ടിലേക്കും റോഡിലേക്കും തള്ളി; ജലാശയ മലിനീകരണത്തിന് ശക്തമായ നടപടികൾ സ്വീകരിച്ച് കണ്ണോത്ത് ഗ്രാമപഞ്ചായത്ത്
കോടഞ്ചേരി: കണ്ണോത്ത് പ്രദേശത്ത് അനധികൃതമായി കക്കൂസ് മാലിന്യം തോട്ടിലേക്കും റോഡിലേക്കും തള്ളിയ സംഭവത്തിൽ ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം പ്രദേശത്ത് മൂന്ന് സ്ഥലങ്ങളിൽ തള്ളിയതോടെ പൊതു ജലാശയവും റോഡുകളും തോടുകളും മലിനമായി.
ഇത് സംബന്ധിച്ച് പ്രദേശവാസികൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ജലാശയ മലിനീകരണത്തെ ചെറുക്കാൻ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്ത് സൂപ്പർ ക്ലോറിനേഷൻ ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകരുടെ നിരന്തരം പരിശോധനയിലൂടെ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളുടെ പ്രഭവ സാധ്യത പരമാവധി ഇല്ലായ്മ ചെയ്യാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതായും മെഡിക്കൽ ഓഫീസർ ഡോ. ഹസീന അറിയിച്ചു.
സമൂഹവിരുദ്ധരുടെ പ്രവൃത്തികൾക്കെതിരെ പഞ്ചായത്തും പോലീസും കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതായും, കുറ്റക്കാരെ കണ്ടെത്തുന്നവർക്കു പാരിതോഷികം നൽകുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.