മുനമ്പം വിവാദം: മതസൗഹാർദത്തെ ബാധിക്കുന്ന വർഗീയ ധ്രുവീകരണം ജനാധിപത്യത്തിന് ഭീഷണി – ഷിബു ബേബി ജോൺ
കോടഞ്ചേരി: നെല്ലിപ്പൊയിലിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം മുൻ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് പൊതുയോഗം സംഘടിപ്പിച്ചത്.
മുനമ്പം വിഷയത്തിൽ സിപിഎം, ബിജെപി പാർട്ടികൾ മതവിഭാഗങ്ങൾ തമ്മിൽ വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് തട്ടാൻ ശ്രമിക്കുകയാണെന്നും ഇതിലൂടെ രാജ്യത്തിന്റെ ജനാധിപത്യ, മതേതര സംസ്കാരത്തിന് ഭീഷണി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുൻ എൽഡിഎഫ് സർക്കാരാണ് മുനമ്പം വിഷയത്തിൽ അന്വേഷണം ആരംഭിച്ച് പ്രശ്നം വഷളാക്കിയതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ വി.ഡി ജോസഫ്, കെഎസ്‌യു ജില്ലാ സെക്രട്ടറി അനുഗ്രഹ മനോജ്, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ആന്റണി നീർവേലിൽ, വിൽസൺ തറപ്പേൽ, ബിജു ഓത്തിക്കൽ, സാബു മനയിൽ, റോസമ്മ തോമസ്, ആഗസ്തി പല്ലാട്ട്, കെ.എസ് തോമസ് കൈത്തുങ്കൽ, ഏലിയാമ്മ കണ്ടത്തിൽ, ബേബി കളപ്പുര, ജെയിംസ് കിഴക്കുംകര എന്നിവർ പ്രസംഗിച്ചു.