കാരശ്ശേരിയിലെ ‘ടെയ്ക്ക് എ ബ്രേക്ക് ’ തുറക്കാൻ ഒരുങ്ങുന്നു

കാരശ്ശേരി : മാസങ്ങളായി അടഞ്ഞുകിടക്കുന്ന കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ ടെയ്ക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയോരത്ത് മാടാമ്പുറത്ത് 2023-ലാണ് വിശ്രമകേന്ദ്രം കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് നിർമ്മിച്ചത്. കേന്ദ്രത്തിൽ യാത്രക്കാർക്ക് ആശ്രയിക്കാനുള്ള ഞാൻ ടീസ്റ്റാളിന്റെ ലേലം പഞ്ചായത്ത് കഴിഞ്ഞദിവസം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ഭരണസമിതിയോഗത്തിൽ ദിവസം നിശ്ചയിച്ച് കേന്ദ്രം തുറന്നുകൊടുക്കുമെന്ന് പ്രസിഡൻറ്് സുനിതാ രാജൻ, വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര എന്നിവർ പറഞ്ഞു. നേരത്തേ ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ ഉൾപ്പെടെയുളളവയ്ക്കായി കരാറെടുത്തവർ കരാർ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് നിർത്തിപ്പോയതോടെയാണ് വിശ്രമകേന്ദ്രം പൂട്ടിയിരുന്നത്. ഇതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന ശൗചാലയമടക്കമുള്ള സംവിധാനങ്ങളും പൂട്ടുകയായിരുന്നു. നേരത്തെ മാസം 40,000 രൂപയോളമായിരുന്നു മാസവാടക. ഓടത്തെരുവിലെ മാടാമ്പുറത്താണ് പദ്ധതി തുടങ്ങിയത്.
പൊതുശൗചാലയ സമുച്ചയങ്ങളും വിശ്രമമുറികളും അടങ്ങുന്നതാണ് ടെയ്‌ക്ക് എ ബ്രേക്ക് പദ്ധതി. ഇതുവഴി കടന്നുപോകുന്ന ദീർഘദൂരയാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ഏതുസമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്കരീതിയിലുള്ള ശൗചാലയമുറികളും കോഫി ഷോപ്പുകളും ഉൾപ്പെടെയുള്ള ആധുനിക സംവിധാനത്തോടുകൂടിയ കെട്ടിടമാണ് നിർമിച്ചത്. എല്ലാ ടോയ്‌ലറ്റുകളിലും സാനിട്ടറി നാപ്കിൻ, ഡിസ്ട്രോയർ, അജൈവമാലിന്യസംഭരണ സംവിധാനങ്ങൾ അണുനശീകരണ സംവിധാനങ്ങൾ എന്നിവയടങ്ങുന്ന പദ്ധതിയാണ് ലക്ഷ്യംവെച്ചിരുന്നത്. 2023 ജൂൺ 14-ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് മാടാമ്പുറത്തെ വഴിയോരവിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയോരത്ത് കൊയിലാണ്ടിക്കും അരീക്കോടിനും ഇടയിലുള്ള ഏക ടെയ്ക്ക് എ ബ്രേക്ക് കെട്ടിടമാണിത്.
അതുകൊണ്ടുതന്നെ അന്തസ്സംസ്ഥാനയാത്രക്കാർ അടക്കം ഒട്ടേറെ ദീർഘദൂരയാത്രക്കാർ ഉൾപ്പെടെ ധാരാളംപേർക്ക് വളരെ ആവശ്യമുള്ള ഒന്നാണ് ഈ സ്ഥാപനം. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതിപ്രകാരം ശുചിത്വമിഷൻ ഫണ്ട്, തനത് ഫണ്ട്, ധനകാര്യ കമ്മിഷൻ ഗ്രാന്റ് എന്നിവയിൽനിന്ന് ലഭിച്ച 42,19,000 രൂപ ചെലവഴിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂർത്തിയാക്കിയത്. ഇതേ കെട്ടിടത്തിന്റെ ഒന്നാംനിലയിൽ യാത്രക്കാർക്ക് താമസിക്കാനുള്ള ഡോർമെട്രി, മുറികൾ എന്നിവയാണ് ഇനി നിർമിക്കാനുള്ളത്. രണ്ടാംഘട്ടത്തിൽ ഒന്നാംനിലകൂടി നിർമിച്ച് കൂടുതൽ സൗകര്യപ്രദമാക്കുമെന്നും കാരശ്ശേരി ഗ്രാമപ്പഞ്ചായത്തധികൃതർ വ്യക്തമാക്കിയിരുന്നു.