പെരുമ്പൂളയിൽ പുലി ഭക്ഷിച്ചനിലയിൽ കാട്ടാടിന്റെ ജഡം
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള പ്രദേശത്ത് പുലിഭീതിയൊഴിയുന്നില്ല. പുലി ഭക്ഷിച്ചനിലയിൽ കാട്ടാടിന്റെ ജഡം കണ്ടെത്തി. അങ്ങാടിക്ക് സമീപം താമസിക്കുന്ന അഗസ്റ്റ്യൻ മുള്ളൂരിന്റെ പറമ്പിൽ പണിയെടുത്തുകൊണ്ടിരുന്ന നാലാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളാണ് ജഡം കണ്ടെത്തിയത്. ഉടനെ വനംവകുപ്പിലും പഞ്ചായത്ത് ഓഫീസിലും വിവരമറിയിക്കുകയായിരുന്നു. പുലി ഭക്ഷിച്ച കാട്ടാടാണിതെന്നും ജഡത്തിന് രണ്ടുദിവസം പഴക്കമുണ്ടെന്നും വനംവകുപ്പ് പീടികപ്പാറ സെക്‌ഷൻ ഓഫീസർ പി. സുബീർ ‘മാതൃഭൂമി’യോട് പറഞ്ഞു. കഴിഞ്ഞയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ പരിശോധനയിൽ പുലിയുടെ കാൽപ്പാടും കാഷ്ഠവും കണ്ടെത്തിയിരുന്നു.ഇതേത്തുടർന്ന് കൂട് സ്ഥാപിക്കുകയുണ്ടായി. ഇതിന്റെ ഒരു കിലോമീറ്റർ അകലെയാണ് കാട്ടാടിന്റെ ജഡം കണ്ടെത്തിയിരിക്കുന്നത്.
രണ്ടു നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ചിത്രം പതിഞ്ഞിട്ടില്ല. മാസങ്ങളായി പെരുമ്പൂള കൂരിയോട്, ചുള്ളിയകം, ആനയോട് പ്രദേശങ്ങൾ പുലിഭീതിയിൽ കഴിയുകയാണ്. ഒട്ടേറെ വളർത്തുമൃഗങ്ങളെയാണ് പുലി കൊന്നൊടുക്കിയത്. കഴിഞ്ഞയാഴ്ച ആടുകളെ തീറ്റിക്കുന്നതിനിടെ പൈക്കാട് ജോസഫിന്റെ ഭാര്യ ഗ്രേസി(56)യുടെ പിന്നാലെ പുലിയോട് സാമ്യമുള്ള ജീവി പാഞ്ഞടുത്തിരുന്നു. ഓടിരക്ഷപ്പെടുന്നതിനിടെ വീണ് ഗുരുതര പരിക്കേൽക്കുകയുണ്ടായി. ജനവാസമേഖലയിൽ പുലിസാന്നിധ്യം മലയോര കുടിയേറ്റജീവിതം സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്. പലരും പുറത്തിറങ്ങുന്നില്ല. ആർ.ആർ.ടി. നിരീക്ഷണം ഊർജിതപ്പെടുത്തണമെന്ന് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജെറീന റോയ് ആവശ്യപ്പെട്ടു.