Thiruvambady
മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം

തിരുവമ്പാടി : മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് കടന്നുപോകുന്ന പൊന്നാങ്കയത്ത് വീണ്ടും വാഹനാപകടം. കാർ നിയന്ത്രണംവിട്ട് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം നാലിന് തറപ്പേൽ പാലത്തിനുസമീപമാണ് സംഭവം.
നെല്ലിപ്പൊയിൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കനത്തമഴയിൽ കാർ നിയന്ത്രണംവിടുകയായിരുന്നു. ഈ ഭാഗത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. സ്ഥിരം അപകടമേഖലയായ ഇവിടെ കാറുകളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.കഴിഞ്ഞ രണ്ടുവർഷത്തിനിടെ 15-ഓളം വാഹനാപകടങ്ങളാണുണ്ടായത്. റോഡ് വികസിപ്പിച്ചതിനെത്തുടർന്ന് ഗതാഗതം സുഗമമായതോടെ ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ കുതിച്ചുപായുന്നതാണ് അപകടത്തിനു കാരണം.