എലിപ്പനിയും ഡെങ്കിപ്പനിയും കാരശ്ശേരിയിൽ ആരോഗ്യവകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തി

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 17-ാം വാർഡിൽ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥർ പ്രദേശങ്ങളിൽ പരിശോധന നടത്തി. ആനയാംകുന്ന് വാർഡിൽ ഒരു വയോധികൻ മരിച്ചത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചാണെന്ന വിവരത്തെത്തുടർന്നാണ് പരിശോധന നടത്താൻ എത്തിയത്. എച്ച്ഐ ടി. സജിത്, ടെക്നിക്കൽ അസിസ്റ്റന്റ് പ്രഭാകരൻ, റിയാസ്, എന്റമോളജിസ്റ്റ്, എപ്പിഡമിയോളജിസ്റ്റ്, നഴ്സുമാർ, ജെപിഎച്ച്എൻമാർ, ആശവർക്കർമാർ തുടങ്ങിയവരുടെ സംഘമാണ് പ്രദേശത്ത് പരിശോധന നടത്തിയത്. വാർഡംഗം വി.പി. സ്മിത നേതൃത്വം നൽകി. ആനയാംകുന്ന് വാർഡിനു പുറമേ, ഗ്രാമപ്പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി ബാധ ഉണ്ടായിട്ടുണ്ട്.
പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ അടിയന്തരമായി കൊതുകുനശീകരണം അടക്കമുള്ള ശുചീകരണ പ്രവൃത്തികൾ നടത്തണമെന്ന ആവശ്യം ശക്തമായി. ഗ്രാമപ്പഞ്ചായത്തും ആരോഗ്യവകുപ്പും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.