Mukkam

എൻ.ഐ.ടിയിൽ നിയമനപ്പരീക്ഷ മണിക്കൂറുകൾ വൈകി; വലഞ്ഞ് ഉദ്യോഗാർഥികൾ

മുക്കം: കാലിക്കറ്റ് എൻ.ഐ.ടിയിൽ അനധ്യാപക ജീവനക്കാരുടെ സ്ഥിരനിയമനത്തിനായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തിയ പരീക്ഷ മണിക്കൂറുകൾ വൈകി. 2 ദിവസവും ഒട്ടേറെ ഉദ്യോഗാർഥികൾ പരീക്ഷയെഴുതാതെ മടങ്ങി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾ ഉൾപ്പെടെ നൂറോളം പേരാണ് പരീക്ഷയെഴുതാതെ മടങ്ങിയത്. ലാബ് അസിസ്റ്റൻറ്, ഓഫീസ് അറ്റൻഡർ എന്നീ തസ്തികകളിലെ പത്ത് ഒഴിവുകളിലേക്കുള്ള നിയമനത്തിന് 2 ദിവസങ്ങളിലായി നടന്ന പരീക്ഷയ്ക്കായി അയ്യായിരത്തോളം പേരാണ് അപേക്ഷിച്ചിരുന്നത്.

പരീക്ഷയുമായി ബന്ധപ്പെട്ട് എൻ.ഐ.ടി വിതരണം ചെയ്ത ഹാൾടിക്കറ്റിൽ രാവിലെ 9 മണിക്ക് കാമ്പസിൽ റിപ്പോർട്ട് ചെയ്യണമെന്നും 10 മണിക്ക് ഗേറ്റ് അടയ്ക്കുമെന്നുമായിരുന്നു നിർദേശം. ഇതുപ്രകാരം വിദ്യാർഥികൾ തിങ്കളാഴ്ച രാവിലെ 10നുമുമ്പ് കാമ്പസിലെത്തിയെങ്കിലും പരീക്ഷയുമായി ബന്ധപ്പെട്ട നടപടികളൊന്നും ആരംഭിച്ചിരുന്നില്ല. 2 മണിക്കൂർ കഴിഞ്ഞ് ഉദ്യോഗാർഥികൾ കാര്യം തിരക്കിയതോടെ 1 മണിക്ക് പരീക്ഷയാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, ആരംഭിച്ചില്ല. പിന്നീട് ഒന്നരയ്ക്ക് നടത്തുമെന്നായി. ഒടുവിൽ വൈകീട്ട് മൂന്നുമണിയോടെയാണ് പരീക്ഷയാരംഭിച്ചത്. 5 മണിക്കൂറോളം െവെകിയതിനെത്തുടർന്ന് ദൂരസ്ഥലങ്ങളിൽനിന്നെത്തിയ ഉദ്യോഗാർഥികൾ ഉൾപ്പെടെ ഭക്ഷണം പോലും കഴിക്കാൻ പോകാനാകാതെ പുറത്ത് കാത്തിരിക്കുകയായിരുന്നു.

ദൂരസ്ഥലങ്ങളിൽനിന്നെത്തിയ വനിതാ ഉദ്യോഗാർഥികൾ തിരിച്ച് ട്രെയിൻ ടിക്കറ്റ് അടക്കം റിസർവ് ചെയ്താണ് പരീക്ഷയ്ക്കെത്തിയത്. പറഞ്ഞ സമയത്ത് പരീക്ഷ നടക്കാതായതോടെ ഇവർ മടങ്ങുകയായിരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുവരെ ഉദ്യോഗാർഥികൾ പരീക്ഷയ്ക്കെത്തിയിരുന്നു. ചൊവ്വാഴ്ചയും അധികൃതർ ഈ അലംഭാവം തുടർന്നു. ചൊവ്വാഴ്ച നാലുമണിക്കൂർ വൈകി 2 മണിയോടെയാണ് പരീക്ഷ നടത്തിയത്. പരീക്ഷയ്ക്ക് അധികൃതർ ഒരു മുന്നൊരുക്കവും നടത്തിയിരുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. തിങ്കളാഴ്ച നാലുമണിക്കൂറോളം കാത്തുനിന്നശേഷമാണ് വിദ്യാർഥികളെ പരീക്ഷാഹാളിലേക്ക് കയറ്റിയത്. നടപടിക്രമങ്ങൾ പൂർത്തിയാവാതിരുന്നതിനാലാണ് പരീക്ഷ നടത്താൻ താമസിച്ചതെന്നാണ് എൻ.ഐ.ടി അധികൃതർ നൽകുന്ന വിശദീകരണം.

Related Articles

Leave a Reply

Back to top button