Karassery

തുറന്നുകിടക്കുന്ന ഓവുചാൽ: കുറ്റിപ്പറമ്പിൽ അപകടം പതിയിരിക്കുന്നു

കാരശ്ശേരി : പഞ്ചായത്തിലെ കുറ്റിപ്പറമ്പ് അങ്ങാടിയിൽ നോർത്ത് കാരശ്ശേരി-കൂടരഞ്ഞി റോഡരികിൽ നിർമിച്ച ഓവുചാൽ അപകടം ക്ഷണിച്ചു വരുത്തുന്നു. സ്ലാബുകൾ ചേർത്തിട്ട് കാന മൂടുന്നതിനുപകരം ഇടവിട്ടിടവിട്ട് സ്ലാബില്ലാതെ തുറന്നിട്ടിരിക്കുന്നതാണ് അപകടസാധ്യതയുണ്ടാക്കുന്നത്.

സ്ലാബുകൾക്കിടയിൽ രണ്ടും മൂന്നും മീറ്റർ തുറന്നുകിടക്കുകയാണ്. കഴിഞ്ഞ ദിവസം പള്ളിയിൽനിന്ന് റോഡിലേക്കിറങ്ങിയ യുവാവിന് ഓവുചാലിൽവീണ് സാരമായ പരിക്കേറ്റു. ഓവുചാൽ നിർമിച്ചഭാഗത്ത് പള്ളി, മദ്രസ, കടകൾ, ചെറുകിടവ്യവസായ യൂണിറ്റുകൾ എന്നിവയൊക്കെയുണ്ട്. ഇവിടേക്ക് ഈ ഓവുചാൽ കടന്നു വേണം പോകാൻ. മദ്രസയിൽ പഠിക്കുന്ന 100-ഓളം കുട്ടികൾക്കാണ് കൂടുതൽ ഭീഷണി.

വീതികുറഞ്ഞ റോഡിന് ഉണ്ടാക്കിയ ഓവുചാൽ തുറന്നുകിടക്കുന്നതിനാൽ കാൽനടക്കാർക്കും മാർഗം അടഞ്ഞു. തിരക്കുള്ള റോഡിലേക്കിറങ്ങിവേണം അവർക്കു നടക്കാൻ. ഓവുചാൽ പൂർണമായും സ്ലാബിട്ടാൽ കാൽനടയ്ക്കും പ്രയോജനപ്പെടും അപകടാവസ്ഥയും ഒഴിയും. ഓവുചാലിന് പൂർണമായും സ്ലാബിടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവത്‌കരിച്ചു. പി.ഡബ്ല്യു.ഡി. അസി.എക്സി. എൻജിനിയർക്ക് കമ്മിറ്റി പരാതിയും നൽകി.

Related Articles

Leave a Reply

Back to top button