Thiruvambady

കൈത്തോട് നികത്തി നീരൊഴുക്ക് തടഞ്ഞതായി പരാതി

തിരുവമ്പാടി : കൂടരഞ്ഞി-കൂമ്പാറ റോഡിൽ കൈത്തോട് മണ്ണും കല്ലുമിട്ട് കെട്ടി നീരൊഴുക്ക് തടഞ്ഞതായി പരാതി. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിൽ കൽപ്പിനി ഭാഗത്താണ് സ്വകാര്യവ്യക്തി കൈത്തോട് കൈയേറിയത്. ഇതിനെതിരേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖലാ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഡേറ്റാ ബാങ്കിൽ പുഞ്ചനിലമായി കാണിച്ച വയലിലാണ് നിർമാണപ്രവൃത്തി നടക്കുന്നതെന്ന് ഭാരവാഹികൾ ആരോപിക്കുന്നു.

മലയോരഹൈവേയിൽ നിർമിക്കുന്ന കലുങ്കിലൂടെ ഒഴുകിവരുന്ന ജലം ഈ തോട്ടിലാണെത്തുന്നത്. ഒട്ടേറേ നീർച്ചാലുകൾ ഒഴുകിച്ചേരുന്ന കൈത്തോടാണ് കൈയേറിയിരിക്കുന്നത്. ഏതാണ്ട് രണ്ടുകിലോമീറ്റർ ദൈർഘ്യമുണ്ട്. വശങ്ങളിൽ കരിങ്കല്ലുപയോഗിച്ച് കെട്ടിയടച്ചിരിക്കുകയാണ്.

നാല് മീറ്റർ വീതിയുണ്ടായിരുന്ന തോടിന്റെ തുടക്കത്തിൽ അര മീറ്റർപോലും നിലവിൽ വീതിയില്ല. കലുങ്കിൽനിന്ന് 10 മീറ്റർ മാറിക്കഴിഞ്ഞാൽ പിന്നെ തോട് കാണാനില്ല. കുളവും പമ്പ് ഹൗസും നിർമിക്കാനായാണ് തോട് കൈയേറിയിരിക്കുന്നതെന്നും പഞ്ചായത്തിലും വില്ലേജ് ഓഫീസിലും ഒട്ടേറെത്തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നും പരിഷത്ത് ഭാരവാഹികൾ പറഞ്ഞു. ഇതിനെതിരേ കളക്ടർക്ക് പരാതിനൽകാൻ തീരുമാനിച്ചു. കൈയേറ്റം സംബന്ധിച്ച പരാതി അന്വേഷിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫ് മാതൃഭൂമിയോട് പറഞ്ഞു. പരിഷത്ത് മേഖലാ സെക്രട്ടറി സി. ദേവരാജൻ, ജില്ലാ പരിസ്ഥിതി കൺവീനർ വിജീഷ് പരവിരി, പി.പി. രവീന്ദ്രൻ, മേഖലാ പരിസ്ഥിതി കൺവീനർ പി. കൃഷ്ണകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button