Kodanchery

തുഷാരഗിരിയില്‍ കോടതി വിധി നടപ്പിലാക്കുന്നു; വനം വകുപ്പ് സര്‍വെ നടപടികള്‍ ആരംഭിച്ചു

കോടഞ്ചേരി: തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തോട് ചേര്‍ന്നുള്ള 24 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് സര്‍വെ നടപടികള്‍ ആരംഭിച്ചു. വനം വകുപ്പിന്റെ മിനി സര്‍വേ സംഘമാണ് ഭൂമി അളന്ന് വേര്‍ തിരിക്കുന്നത്. കൃഷി ഭൂമി സര്‍ക്കാര്‍ അനധികൃതമായി കൈക്കലാക്കിയെന്ന് കാണിച്ച് നാലു പേര്‍ കോടതിയെ സമീപിച്ചതാണ് സര്‍ക്കാറിന് തിരിച്ചടിയായത്.

അതീവ പരിസ്ഥിതി ലോല പ്രദേശമായ ജീരകപ്പാറ വനമേഖലയില്‍ 1978 കാലഘട്ടത്തില്‍ വന്‍ തോതില്‍ മരം കൊള്ള നടന്നതായ പരാതി ഉയരുകയും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 170 ഏക്കറോളം ഭൂമി ഇ എഫ് എല്‍ ആക്ടില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ നാല് ഭൂ ഉടമകള്‍ കോടതിയെ സമപീക്കുകയും 24 ഏക്കര്‍ ഭൂമി നാലുപേര്‍ക്ക് വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു.

ഒരു വര്‍ഷത്തോളം കാര്യമായ നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഭൂ ഉടമകള്‍ വീണ്ടും കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഭൂമി അളന്ന് വേര്‍തിരിക്കാന്‍ വനം വകുപ്പ് നടപടികള്‍ ആരംഭിച്ചത്. തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടത്തിനോട് ചേര്‍ന്നുള്ള ഭൂമിയിലാണ് ആദ്യ ദിവസം സര്‍വെ നടത്തിയത്. വി കെ സെബാസ്റ്റ്യന്റെ 1.18 ഏക്കറും സഹോദരന്‍ വി കെ കുര്യാച്ചന്റെ 1.5 ഏക്കറും സര്‍വെ നടത്തി വേര്‍തിരിച്ചു. വനം വകുപ്പിന്റെ മിനി സര്‍വെ സംഘമാണ് സര്‍വെ നടത്തുന്നത്. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ടി ബഷീര്‍, എം ബാലകൃഷ്ണന്‍, ബീറ്റ് ഫോറസ്റ്റ് ഓപീസര്‍ ഉമ്മു ഷബീബ, മിനി സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍, സൂപ്രണ്ട് അജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button