Mukkam

സ്കൂൾ ഉച്ചഭക്ഷണ വിതരണ പ്രതിസന്ധി; എം പി, എംഎൽഎ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ ഇ ഒ എന്നിവർക്ക് നിവേദനം നൽകി

മുക്കം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണ വിതരണ പദ്ധതി വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ പരിഹാരമാവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകി.

കൊടിയത്തൂർ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ രക്ഷാകർതൃ സമിതി കൂട്ടായ്മയായ കൊടിയത്തൂർ പഞ്ചായത്ത് പിടിഎ, എസ് എം സി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് രാഹുൽ ഗാന്ധി എംപി, ലിൻേറാ ജോസഫ് എംഎൽഎ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, മുക്കം എ ഇ ഒ ഓംകാര നാഥൻ എന്നിവർക്ക് നിവേദനം നൽകിയത്.

ഭക്ഷ്യമന്ത്രി, ഡി ഡി ഇ, ഡി ഇ ഒ ഉൾപ്പെടെയുള്ളവർക്ക് അടുത്ത ദിവസം തന്നെ നിവേദനം നൽകും. നിലവിൽ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട്
പിടിഎ കമ്മറ്റികളും പ്രധാനാധ്യാപകരും ഭക്ഷണത്തിൻ്റെ ചുമതലയുള്ള അധ്യാപകരും വലിയ സാമ്പത്തിക ബാധ്യതയിലാണ്.

150 ൽതാഴെ കുട്ടികളുള്ള സ്കൂളിൽ ഒരു കുട്ടിക്ക് ഒരു ദിവസം 8 രൂപയാണ് സർക്കാർ അനുവദിച്ചത്. ഈ പൈസക്ക് പകുതി സാധനങ്ങൾ വാങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. ആഴ്ചയിൽ 2 ദിവസം 150 മില്ലി ലിറ്റർ പാലും ഒരു ദിവസം കോഴിമുട്ടയും നൽകണം. ബാക്കി പണത്തിനാണ് പച്ചക്കറി, പല വ്യഞ്ജനങ്ങൾ, ഗ്യാസ് എന്നിവ വാങ്ങേണ്ടത്.

അരിയും പാചക കൂലിയും മാത്രമാണ് സർക്കാർ നൽകുന്നത്. ഒരു നിലക്കും മുന്നോട്ട് പോവാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. പല സ്കൂളുകളും മാസത്തിൽ 4000 രൂപയോളം കടത്തിലാണ് പോവുന്നത്. ഇതിന് ഒരു പരിഹാരം സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നാണ് നിവേദനത്തിലെ ആവശ്യം.

നിലവിൽ 2016ൽ അനുവദിച്ച നിരക്കാണ് 8 രൂപ എന്നത്. അതിന് ശേഷം സാധനങ്ങൾക്ക് പത്തിരട്ടിയോളം വില വർധിച്ചിട്ടുണ്ട്ഏറ്റവും ചുരുങ്ങിയത് ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് 15 രൂപയെങ്കിലും കിട്ടിയങ്കിൽ മാത്രമേ മുന്നോട്ട് പോവാൻ സാധിക്കൂ.
ഇതിന് പുറമെ ജൂൺ മാസത്തിൽ ഉച്ച ഭക്ഷണത്തിനായി ചെലവഴിച്ച തുക പല സ്കൂളുകൾക്കും ഇതുവരെ നൽകിയിട്ടില്ല. പണം കിട്ടാൻ ഇനിയും വൈകിയാൽ ഭക്ഷണ വിതരണം നിലക്കുന്ന അവസ്ഥയാണന്നും നിവേദനത്തിൻ പറയുന്നു.

2012 ന് ശേഷം പ്രവർത്തനം തുടങ്ങിയ പ്രീ സ്കൂൾ കുട്ടികൾക്കും സർക്കാർ ഭക്ഷണം നൽകുന്നില്ല. ഇവർക്കും പണം കണ്ടത്തേണ്ട അവസ്ഥയിലാണ് പി ടി എ കമ്മറ്റികൾ.
നിവേദക സംഘത്തിൽ കൊടിയത്തൂർ പഞ്ചായത്ത് പി.ടി.എ/എസ്.എം.സി.കൂട്ടായ്മ
പ്രസി: സി.വി റസാഖ് , ജന: സെക്രട്ടറി എ.കെ റാഫി, ട്രഷറർ: സി. ഫസൽ ബാബു, വൈസ് പ്രസിഡൻ്റ് സലാം ചാലിൽ, സെക്രട്ടറി ഇ.കെ സാജിദ്, ശശീന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു

Related Articles

Leave a Reply

Back to top button