Kodanchery

ഇനി കയാക്കിങ് ആരവം; വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിൽ നൂറോളം കയാക്കർമാർ പങ്കെടുക്കും

കോടഞ്ചേരി: ചാലിയാറിന്റെ ഓളപരപ്പിൽ ഇനി കയാക്കിങ് ആരവം. എട്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഓഗസ്റ്റ് 12,13,14 ദിവസങ്ങളിൽ നടക്കുന്ന വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിൽ അന്താരാഷ്ട്ര-ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കയാക്കർമാർ അണിനിരക്കും. മുൻവർഷം നടന്ന കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ റഷ്യയുടെ ഇവാന്‍ ഇത്തവണയും മത്സരത്തിന് ഉണ്ടാവും. റഷ്യൻ നാഷണൽ വൈറ്റ് വാട്ടർ കയാക്കിങ് താരമായ ഇവാൻ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിയാണ്.

ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട വനിതാ കയാക്കർമാരായ 17 വയസ്സുകാരി പ്രിയങ്ക റാണ, 22കാരി നൈന അധികാരി എന്നിവർ തുഷാരഗിരിയിൽ നടക്കുന്ന കയാക്കിങ് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഗംഗ റിവർ ഫെസ്റ്റിവൽ പോലുള്ള വിവിധ കയാക്കിങ് മത്സരങ്ങളിൽ വിജയിച്ചിട്ടുള്ളവരാണ് ഇരുവരും. കോഴിക്കോട് ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ആണ് മൂവരെയും സ്പോൺസർ ചെയ്യുന്നത്.

മത്സരവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്, ലിന്റോ ജോസഫ് എംഎൽഎ, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി എന്നിവരുടെ നേതൃത്വത്തിൽ വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഇതിനോടകം 40ലേറെ കയാക്കർമാർ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർക്ക് https://www.keralaadventure.org/malabar-river-festival/ എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇന്ന് മുതൽ (ഓഗസ്റ്റ്10) കോടഞ്ചേരിയിലെ ഹോട്ടൽ തുഷാര ഇന്റർനാഷണലിൽ സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്.

കയാക്കിങ്ങിൽ പുലിക്കയം സ്റ്റാർട്ടിങ് പോയിന്റും ഇലന്തുകടവ് എന്റിങ് പോയിന്റുമാണ്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലുംഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും.

Related Articles

Leave a Reply

Back to top button