Mukkam

മുക്കം ഫെസ്റ്റ് 2023 സന്ദർശിച്ചത് ഒന്നരലക്ഷത്തിലധികം ആളുകൾ; സമാപന ദിവസം പതിനായിരത്തിലേറെപ്പേർ ഫെസ്റ്റ് നാഗരിയിലെത്തി

മുക്കം: മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് തിരശീല വീണു. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മുക്കം ഫെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ അധ്യായം പൂർത്തിയാക്കിയാണ് ഫെസ്റ്റിന് സമാപനം കുറിച്ചത്. ഫെസ്റ്റ് ചരിത്രത്തിലാദ്യമായി ഒന്നര ലക്ഷത്തിൽപരം ആളുകൾ ഫെസ്റ്റ് നഗരി സന്ദർശിക്കാനെത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. സമാപന ദിവസമായ ഇന്നലെ പതിനായിരത്തിലധികം വരുന്ന ജനാവലിയാണ് ഫെസ്റ്റ് നാഗരിയിലെത്തിയത്.

ഫെസ്റ്റ് സമാപന സമ്മേളനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളത്തെ തുടർന്ന് ‘മോമൊ ഇൻ ദുബായ്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയതാരം അനു സിത്താരയും മറ്റ് സഹതാരങ്ങളും അണിയറ പ്രവർത്തകരും മുക്കം ഫെസ്റ്റ് വേദിയിലെത്തി. തുടർന്ന് സാംസ്‌കാരിക വേദിയിൽ ആഘോഷങ്ങൾക്ക് തിരികൊളുത്തി അത്യുഗ്രൻ പ്രകടനവുമായി ആൽമരം മ്യൂസിക് ബാൻഡ് ഫെസ്റ്റ് ഗ്രൗണ്ടിനെ ഒന്നടങ്കം ഇളക്കിമറിച്ചു.

വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, ഭക്ഷ്യമേള, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, പ്രമുഖ വ്യക്തിത്വങ്ങളും സിനിമാ താരങ്ങളും പങ്കെടുത്ത സാംസ്‌കാരിക ചടങ്ങുകൾ, വിവിധ കലാപരിപാടികൾ എന്നിവയുടെ അകമ്പടിയോടെ ജനുവരി 19ന് തുടക്കം കുറിച്ച ഫെസ്റ്റ് 18 ദിവസമാണ് നീണ്ടുനിന്നത്. മുക്കം ഫെസ്റ്റിന്റെ എല്ലാ ദിവസത്തെയും സാംസ്‌കാരിക, കലാ വേദികളിലെ പരിപാടികൾ ഞങ്ങളുടെ യുട്യൂബ് ചാനൽ മുഖേന പ്രേക്ഷകർക്ക് കാണാവുന്നതാണ്.

Related Articles

Leave a Reply

Back to top button