Karassery

ഇ-ഹെൽത്ത് സംവിധാനത്തിന് കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കം

കാരശ്ശേരി: ആരോഗ്യമേഖലയിലെ നൂതനവും രോഗികൾക്ക് ഏറെ പ്രയോജനകരവുമായ ഇ-ഹെൽത്ത് സംവിധാനത്തിന് കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കം കുറിച്ചു. കേന്ദ്രത്തിൽ എത്തുന്ന രോഗികളുടെ പരിശോധനയും ലാബ്, ഫാർമസി സർവീസുകളുമെല്ലാം ഇനി ഇ-ഹെൽത്ത് സംവിധാനത്തിലൂടെയാകുന്നതോടെ പരിശോധനക്കുറിപ്പുകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും ഇനി ഒരു കാർഡ് മുഖേന ഏതു സമയത്തും ഏതു ഡോക്ടർക്കും മറ്റുള്ള സർക്കാർ ഹോസ്പിറ്റലുകളിലും ലഭ്യമാവും. ആധാർ അടിസ്ഥാനമാക്കിയുള്ള ഒറ്റത്തവണ റജിസ്ട്രേഷൻ സംവിധാനത്തിലൂടെ ഇ-ഹെൽത്തിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ പൗരന്റേയും മുഴുവൻ ആരോഗ്യ വിവരങ്ങളും ഇലക്ട്രോണിക് റെക്കോർഡായി ക്രോഡീകരിച്ച് സൂക്ഷിക്കും.

ക്രോഡീകരിച്ച വ്യക്തിഗത വിവരങ്ങൾ എതു ആശുപത്രിയിലേയും കമ്പ്യൂട്ടറിലും ലഭിക്കുമെന്നതിനാൽ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ യു.എച്ച്.ഐ.ഡി കാർഡ് ലഭിച്ചിട്ടുള്ള ഏതൊരാൾക്കും തുടർ ചികിൽസയും ആശുപത്രി സേവനങ്ങളും ആയാസരഹിതമാവും. അഡ്വാൻസ് ടോക്കൺ വരെ ലഭിക്കുന്ന തരത്തിലാണ് ഇ-ഹെൽത്തിന്റെ സംവിധാനം. ഇ-ഹെൽത്ത് പദ്ധതി യു.എച്ച്.ഐ.ഡി കാർഡ് വിതരണം ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത വി.പി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ നോഡൽ ഓഫീസർ ഡോ.പി.പി പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കുഞ്ഞാലി മമ്പാട്ട്, ശിവദാസൻ കരോട്ടിൽ, മെഡിക്കൽ ഓഫീസർ ഡോ.സജ്ന, ഹെൽത്ത് ഇൻസ്പെക്ടർ അരുൺ ലാൽ, പബ്ലിക് ഹെൽത്ത് നേഴ്സ് സിജിമോൾ, സ്റ്റാഫ് നേഴ്സ് ഷാന്റിമോൾ, എച്ച്.എം.സി മെമ്പർമാർ, ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button