Mukkam

നികുതിവർധനയിൽ പ്രതിഷേധിച്ച് മുക്കം നഗരസഭ യോഗം ബഹിഷ്കരിച്ചു‌

മുക്കം: കെട്ടിട നികുതി വർധനയിൽ പ്രതിഷേധിച്ച് മുക്കം നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അടിസ്ഥാന നികുതിയായി സർക്കാർ നിശ്ചയിച്ചിരുന്ന എട്ടുരൂപ മറികടന്ന് മുക്കം നഗരസഭയിൽ പതിനൊന്നു രൂപയാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചത്. കൗൺസിൽ യോഗത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം കൗൺസിലർമാരും വർധനയെ എതിർത്തിട്ടും ഭരണപക്ഷ അംഗങ്ങൾ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.

ആകെ 29 കൗൺസിലർമാർ പങ്കെടുത്ത യോഗത്തിൽ യു.ഡി.എഫ്-വെൽഫെയർ പാർട്ടി കൗൺസിലർമാരായ 13 പേരും ഭരണമുന്നണിയിലുള്ള പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദും രണ്ട് ബി.ജെ.പി അംഗങ്ങളും നികുതിവർധനയെ എതിർത്തു. ഭരണപക്ഷത്തെ 13 പേർ മാത്രമാണ് അനുകൂലിച്ചത്. നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ മുക്കത്ത് പ്രകടനം നടത്തി. പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നികുതിവർധന പിൻവലിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. വേണു കല്ലുരുട്ടി, എ അബ്ദുൽ ഗഫൂർ, എം.കെ യാസർ, അബു മുണ്ടുപാറ, കൃഷ്ണൻ വടക്കയിൽ, ഫാത്തിമ കൊടപ്പന, കെ.കെ റുബീന തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button