Mukkam

കലോത്സവ വേദിയിൽ ഫുഡ്കോർട്ട് ഒരുക്കി വിദ്യാർഥികൾ

മുക്കം : കിടപ്പുരോഗികളെ സഹായിക്കാൻ കലോത്സവ വേദിയിൽ ഫുഡ്കോർട്ട് ഒരുക്കി വിദ്യാർഥികൾ. നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റാണ് രുചിയൂറും വിഭവങ്ങളൊരുക്കി കലോത്സവ വേദിയിൽ പഴമയുടെ തനിമയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചത്. കിടപ്പുരോഗികൾക്ക് ആവശ്യമായ കട്ടിൽ, വീൽച്ചെയർ, വോക്കർ, എയർബെഡ്, ഓക്സിജൻ സിലിൻഡർ തുടങ്ങിയവ നൽകുന്ന യൂണിറ്റ് തുടങ്ങാൻ ആവശ്യമായ ഫണ്ട് സമാഹരിക്കുകയായിരുന്നു ലക്ഷ്യം. സ്കൂളിലെ നൂറ്‌ എൻ.എസ്.എസ്. വൊളൻറിയർമാർ വീട്ടിൽനിന്ന് പാകംചെയ്ത് കൊണ്ടുവന്ന പലഹാരങ്ങളും ഉപ്പിലിട്ട പഴങ്ങളും വിവിധയിനം പഴവർഗങ്ങളും നേരിട്ട് തയ്യാറാക്കിനൽകുന്ന സുലൈമാനിയും ഓംലെറ്റും ദോശയുമെല്ലാം സ്റ്റാളിലുണ്ടായിരുന്നു.

ഒറ്റദിവസത്തെ വിൽപ്പനയിലൂടെ പതിനായിരത്തോളം രൂപ സമാഹരിച്ചു. ‘കിസ്മത്ത്’ എന്നുപേരിട്ട മെഗാ ഭക്ഷ്യമേള പിന്നണിഗായിക കലാഭവൻ യമുന ദേവ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.കെ. യാസർ, പ്രിൻസിപ്പൽ എം.കെ. ഹസീല, അധ്യാപകരായ സി. ശ്രീനാഥ്, മുഹമ്മദ് റിയാസ് ചാലിൽ, പി. അഷറഫ്, കെ.ജി. അയ്യൂബ്, സ്വാബിർ, പി.ടി.എ. എക്സിക്യുട്ടീവ് അംഗം ഷൈനി ശിഹാബ്, എൻ.എസ്.എസ്. വൊളൻറിയർ ലീഡർമാരായ റംസാൻ എ. റഹ്‌മാൻ, വൈഗ, ഇഷാ ഫാത്തിമ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി.എ. അജാസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button