ദേവഹരിതം പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു
കൊടിയത്തൂർ: സംസ്ഥാന സർക്കാർ ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടപ്പിലാക്കുന്ന ദേവഹരിതം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. ക്ഷേത്ര പരിസരത്ത് വെച്ചുപിടിപ്പിച്ച തീറ്റപുൽകൃഷി വിളവെടുത്തുകൊണ്ട് നടത്തിയ ഉദ്ഘാടന പരിപാടിയ്ക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡന്റ് ഷംലൂലത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത്, മെമ്പർമാരായ കരിം പഴങ്കൽ, ദേവസ്വം ബോർഡ് ഭാരവാഹികളായ ശങ്കരൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി, ഹരിതകേരളം റിസോഴ്സ് പേഴ്സൺ രാജേഷ്, വാർഡ് മെമ്പറായ ഷിഹാബ് മാട്ടുമുറി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയർ ദീപേഷ് തുടങ്ങിയവർ സംസാരിച്ചു.