Mukkam

വിദ്യാര്‍ഥി കാലത്തെ മുദ്രാവാക്യം വിളികള്‍ ഓര്‍ത്തെടുത്ത് നേതാക്കള്‍ വീണ്ടും ‘മാമോക്കി’ല്‍ ഒത്തുചേര്‍ന്നു

മുക്കം: കലാലയ രാഷ്ട്രീയ കാലത്തെ മുദ്രാവാക്യങ്ങള്‍ ഓര്‍ത്തെടുത്ത് ഒരു സായാഹ്നം. മുക്കം എം.എ.എംഒ കോളേജില്‍ നിന്ന് കാമ്പസ് രാഷ്ട്രീയത്തിലൂടെ മുഖ്യധാരാ നേതൃനിരയിലെത്തിയ വ്യത്യസ്ത ആശയക്കാരായ നേതാക്കളാണ് ഓര്‍മകളിലെ മുദ്രാവാക്യം എന്ന പേരില്‍ വീണ്ടും ഒത്തുകൂടിയത്.

അവരുടെ കലാലയ രാഷ്ട്രീയ അനുഭവങ്ങള്‍ പങ്കുവെക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു. പല കാലങ്ങളിലായി മാമോക്കില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വി. വസീഫ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍, സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വിശ്വനാഥന്‍ തുടങ്ങിയവരാണ് സൗഹൃദ സംവാദത്തിനെത്തിയത്.

കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, മെമ്പര്‍ ഇ. സീനത്ത്, കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ ഹസീന നൗഷാദ്, ഡോ. മുനീര്‍ വളപ്പില്‍ തുടങ്ങിയവരും സംവാദത്തില്‍ പങ്കെടുത്തു. എം.എ.എം.ഒ. ഗ്ലോബല്‍ അലുംനി കമ്മിറ്റി ജൂലായ് 24-ന് സംഘടിപ്പിക്കുന്ന മിലാപ്പ് 22 സംഗമത്തിന് മുന്നോടിയായാണ് മീഡിയാ കമ്മിറ്റിയും ജേണലിസം ആന്‍ഡ് മാസ് കമ്യൂണികേഷന്‍ വിഭാഗവും ചേര്‍ന്ന് സംഗമം ഒരുക്കിയത്. വൈസ് പ്രിന്‍സിപ്പാള്‍ ഡോ. അബൂബക്കര്‍ മങ്ങാട്ടുചാലില്‍ ഉദ്ഘാടനം ചെയ്തു.

മീഡിയാകമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സി രഹന അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ അലുംനി പ്രസിഡന്റ് അഡ്വ. മുജീബ് റഹ്‌മാന്‍ ഉപഹാരം സമര്‍പ്പിച്ചു. മീഡിയാ കമ്മിറ്റി കണ്‍വീനര്‍ റീന ഗണേഷ് അതിഥികളെ പരിചയപ്പെടുത്തി. അലംനി ചീഫ് കോര്‍ഡിനേറ്റര്‍ അഷ്റഫ് വയലില്‍, കോളേജ് ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഡോ. എം.എ അജ്മല്‍ മുഈന്‍, ടീച്ചര്‍ കോര്‍ഡിനേറ്റര്‍ വി. ഇര്‍ഷാദ്, ജേണലിസം ഡിപാര്‍ട്മെന്റ് ഹെഡ് പി. അബ്ദുല്‍ ബായിസ്, സാലിം ജീറോഡ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button