മുക്കം ഉപജില്ലാ കലോത്സവത്തിന് തുടക്കമായി; കളരിക്കമ്പമൊരുക്കി കൊടിയത്തൂർ

കൊടിയത്തൂർ: മലയോര മേഖലയിലെ കലാ മാമാങ്കമായി മാറിയ മുക്കം ഉപജില്ലാ കലോത്സവത്തിന് ഒരുക്കങ്ങൾക്ക് തുടക്കമായി. നവംബർ 2 മുതൽ 7 വരെ നടക്കുന്ന മേളയിൽ, ഒരു ലക്ഷത്തോളം കുട്ടികളെ പ്രതിനിധീകരിച്ച് എത്തുന്ന ഏഴായിരം വിദ്യാർത്ഥികളാണ് കലാമത്സരങ്ങളിൽ തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ എത്തുന്നത്.
കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലാണ് കലോത്സവത്തിന്റെ വേദി.
പതിനൊന്ന് വേദികളിലായി സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തലിന്റെ കാൽ നാട്ടുകർമ്മം മുക്കം ഉപജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ കെ. വാസു നിർവഹിച്ചു.
ജനറൽ കൺവീനറും പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലുമായ എം.എസ്. ബിജു ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഹെഡ് മാസ്റ്റർ ജി. സുധീർ, പി.സി. മുജീബ് റഹ്മാൻ, നൗഫൽ പുതുക്കുടി, നാസർ കാരങ്ങാടൻ, എം.സി. അബ്ദുൽ ബാരി, പി.ടി. സുബൈർ, പി.ടി. സുലൈമാൻ, സി.പി. സഹീർ, ഇ.കെ. അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.