Kodiyathur

വിദ്യാർഥികൾക്ക് എ.ഐ. സാങ്കേതികവിദ്യയിലൂടെ പ്രവർത്തിക്കുന്ന സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കി തോട്ടുമുക്കം ജി.യു.പി സ്കൂൾ

കൊടിയത്തൂർ : ഇനി തോട്ടുമുക്കം ജി.യു.പി. സ്കൂൾ വിദ്യാർഥികൾക്ക് എ.ഐ. സാങ്കേതികവിദ്യയിലൂടെ പഠനം നവ്യാനുഭവമാകും. എ.ഐ.യിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കി സ്കൂൾ. ‘ടെക് ടാലൻറ് ഹബ്’ എന്ന പേരിലാണ് ക്ലാസ്റൂം ഒരുക്കിയത്. സ്കൂളിൽ നേരത്തേയുണ്ടായിരുന്ന സ്മാർട്ട് റൂം, പി.ടി.എ. ഫണ്ടിൽനിന്ന് ഒന്നരലക്ഷത്തോളം രൂപ ചെലവാക്കി നവീകരിച്ചാണ് ടെക് ടാലൻറ് ഹബ് ഒരുക്കിയത്.

ആവശ്യമായ ഇന്റർനെറ്റ് സൗകര്യം, ലാപ്ടോപ്പുകൾ, എ.ഐ. സോഫ്റ്റ്‌വേറുകൾ തുടങ്ങിയ എല്ലാ ഒരുക്കങ്ങളും സജ്ജമാക്കി. ഒരു സർക്കാർ വിദ്യാലയം പി.ടി.എ. ഫണ്ട് ഉപയോഗിച്ച് എ.ഐ. സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. മുക്കം ഉപജില്ല ഐ.ടി. ക്ലബ് കൺവീനറും ഐ.ടി. വിദഗ്ധനുമായ അധ്യാപകൻ കെ.സി. ഹാഷിദിന്റെ നേതൃത്വത്തിലാണ് ടെക് ടാലൻറ് ഹബ് ഒരുക്കിയത്.

ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു അധ്യക്ഷയായി. എ.ഇ.ഒ. ടി. ദീപ്തി, പ്രധാനാധ്യാപിക ബി. ഷെറീന, പി.ടി.എ. പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, പഞ്ചായത്ത് മെമ്പർമാരായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസൻ, സിജി കുറ്റികൊമ്പിൽ, ഉപജില്ലാ ഐ.ടി. ക്ലബ് സെക്രട്ടറി കെ.സി. ഹാഷിദ്, എസ്.എം.സി. ചെയർമാൻ സോജൻ മാത്യു, ലിസ്ന സാബിക്, ഹണി എന്നിവർ സംസാരിച്ചു. സ്കൂളിലെ കായികാധ്യാപകൻ പ്രതീപിനെയും സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുത്ത ഫിദ ഷെറിനെയും ആദരിച്ചു.

Related Articles

Leave a Reply

Back to top button