ചില്ലുകുപ്പികൾ വലിച്ചെറിയുന്നത് വ്യാപകം

കാരശ്ശേരി : മദ്യത്തിന്റെ ചില്ലുകുപ്പികൾ റോഡരികുകളിലും കൃഷിയിടങ്ങളിലും വലിച്ചെറിയുന്നത് വ്യാപകം. മദ്യപിച്ചശേഷം തല്ലിപ്പൊട്ടിച്ച് വലിച്ചെറിയുന്നരീതിയാണ് അധികവും. ഇത് ആളുകൾക്കും മൃഗങ്ങൾക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്. കൃഷിയിടങ്ങളിൽ പണിക്കിറങ്ങുന്ന കർഷകർക്കും തൊഴിലാളികൾക്കും കുപ്പിച്ചില്ലുകൾ ഭീഷണിയാകുന്നുണ്ട്.
രാത്രികാലങ്ങളിലാണ് അധികവും മദ്യപാനത്തിനുശേഷം കുപ്പികൾ ഇങ്ങനെ വലിച്ചെറിയുന്നത്. ചില്ലുകുപ്പികൾ വിലകൊടുത്തുവാങ്ങാൻ ആളില്ലാത്തതാണ് വലിയതോതിൽ ഇങ്ങനെ ഉപേക്ഷിക്കാൻ കാരണം. പ്ലാസ്റ്റിക് കുപ്പികളും ധാരാളം വലിച്ചെറിയുന്നുണ്ട്. വിലകിട്ടും എന്നതിനാൽ ഇവ ആക്രിശേഖരിക്കുന്ന പലരും പെറുക്കിക്കൊണ്ടുപോകുന്നതുകൊണ്ട് കുറെയൊക്കെ ഒഴിവാകും. മുൻപ് ഒഴിഞ്ഞമദ്യക്കുപ്പികൾ സർക്കാർ പത്തുരൂപാ വിലയ്ക്ക് തിരിച്ചെടുത്തിരുന്നു. ഇരുട്ടിന്റെമറവിൽ മദ്യക്കുപ്പികളും വെള്ളക്കുപ്പികളുമൊക്കെ റോഡിലും പറമ്പിലും വലിച്ചെറിയുന്നത് മാലിന്യമുക്ത നവകേരളം പദ്ധതിക്ക് തുരങ്കംവെക്കുന്ന നടപടികൂടിയാണ്.