സ്പീഡ് ബ്രേക്ക് ബാരിയർ നശിപ്പിക്കുന്നത് പതിവാകുന്നു

തിരുവമ്പാടി : മലയോരഹൈവേയിൽ കൂടരഞ്ഞി കരികുറ്റി സെയ്ന്റ് ജോസഫ്‌സ് ഹോസ്പിറ്റലിനും സ്റ്റെല്ല മാരിസ് സ്കൂളിനും മുൻപിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്ക് ബാരിയർ സമൂഹവിരുദ്ധർ സ്ഥിരമായി നശിപ്പിക്കുന്നതായി പരാതി.
അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് മൂന്നുമാസംമുൻപ് സ്വകാര്യവ്യക്തിയുടെ സഹായത്തോടെ ബാരിയർ സ്ഥാപിച്ചിരുന്നത്. കാൽനടയാത്രക്കാരുടെയും വിദ്യാർഥികളുടെയും ആശുപത്രിയിലേക്കും വരുന്ന വാഹനങ്ങളുടെയും സുരക്ഷ മുൻനിർത്തിയായിരുന്നു ഇത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരമായിരുന്നു ഇത് സ്ഥാപിച്ചത്. മൂന്നുതവണ വണ്ടിയിടിപ്പിക്കുകയും ഒരുതവണ ബൈക്കിൽ എത്തിയ ഒരു വ്യക്തി ഒരു ബാരിയർ കല്ലുകൊണ്ട് ഇടിച്ച് നശിപ്പിക്കുകയും ചെയ്തു.
വീണ്ടും അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ച ബോർഡും കഴിഞ്ഞദിവസം നശിപ്പിച്ചു. വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിൽ അപകടങ്ങൾ ആവർത്തിക്കുകയാണ്. കരിങ്കൽ ക്വാറികളിൽനിന്നുള്ള ടിപ്പർലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ പോകുന്ന റോഡാണിത്. ബോർഡ് നശിപ്പിക്കുന്ന സമൂഹവിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.







