MukkamVideos

അഗസ്ത്യന്മുഴി – കൈതപ്പൊയിൽ പാത; അപ്രോച്ച് റോഡിന്റെ ഭിത്തി തകർന്നു

മുക്കം: മലയോരമേഖലയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന അഗസ്ത്യന്മുഴി-കൈതപ്പൊയിൽ പാതയുടെ അപ്രോച്ച് റോഡിന്റെ ഭിത്തി ഇടിഞ്ഞു. മുക്കം നഗരസഭയെയും- തിരുവമ്പാടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന അഗസ്ത്യന്മുഴി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഭിത്തിയാണ് കഴിഞ്ഞദിവസത്തെ മഴയിൽ ഇടിഞ്ഞുവീണത്.

മുപ്പത് അടിയോളം ഉയരമുള്ള ഭിത്തിയുടെ മുപ്പത് അടിയോളം കരിങ്കൽ ഉപയോഗിച്ച് കെട്ടിക്കഴിഞ്ഞു. ഈ ഭിത്തിയുടെ ഏറ്റവും താഴെയാണ് ആറുമീറ്ററോളം നീളത്തിൽ ഇടിഞ്ഞത്. പുഴയോട് ചേർന്നുകിടക്കുന്ന പ്രദേശത്താണ് ഒരു മഴ പെയ്തപ്പോഴേക്കും കരിങ്കൽഭിത്തി ഇടിഞ്ഞത്. ഇടിഞ്ഞ ഭിത്തിയുടെ മുകളിൽ വീണ്ടും സ്ലാബിട്ടു പ്രവൃത്തി നടക്കുകയാണിപ്പോൾ.ഒരു മഴ പെയ്യുമ്പോഴേക്കും ഇടിഞ്ഞുവീഴുന്ന രീതിയിലാണ് പ്രവൃത്തിയെങ്കിൽ ഈ റോഡ് എങ്ങനെ കാലങ്ങൾ നിലനിൽക്കുമെന്നാണ് ആശങ്ക.

അഗസ്ത്യന്മുഴി-കൈതപ്പൊയിൽ റോഡിലെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ തകരാറുകളുണ്ടെന്നും ആരോപണമുണ്ട്.ഒന്നരവർഷംകൊണ്ട് പൂർത്തീകരിക്കേണ്ട പ്രവൃത്തി നിർമാണക്കാലാവധി കഴിഞ്ഞ് ഒന്നരവർഷമായിട്ടും പൂർത്തിയായിട്ടില്ല. അധികൃതരുടെ അനാസ്ഥയാണ് റോഡിന്റെ പ്രവൃത്തിയിലുടനീള മുള്ളതെന്നും പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാൽ വർഷങ്ങളായി മഴക്കാലത്ത് ചെളിയും വേനൽക്കാലത്ത് പൊടിശല്യവും കാരണം പ്രദേശവാസികൾ ദുരിതത്തിലാണ്.

റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ഇതിനുമുമ്പും ഉയർന്നിരുന്നു. എന്നാൽ, എം.എൽ.എ. അടക്കമുള്ളവർ സന്ദർശിച്ചു പോയതല്ലാതെ ഒന്നിനും ഒരു പരിഹാരവുമുണ്ടായിട്ടില്ല.കോടികൾ ചിലവഴിച്ചു ദേശീയ നിലവാരത്തിൽ നിർമിക്കുന്ന റോഡ് പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമാകും എന്ന് കരുതിയിരുന്നെങ്കിലും എല്ലായിടത്തും തന്നെ തികഞ്ഞ ദുരിതമാണ് സമ്മാനിക്കുന്നത്.

Related Articles

Leave a Reply

Back to top button