Kodanchery

കാത്തിരിപ്പ് നീളുന്നു; അറ്റകുറ്റപ്പണി നടത്താതെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ തകർന്ന കുപ്പായക്കോട് – ഈങ്ങാപ്പുഴ റോഡ്

കോടഞ്ചേരി : ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ തകർന്ന കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ റോഡിന്റെ അറ്റകുറ്റപ്പണി നടത്തി ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചില്ല.

തകർന്നഭാഗത്ത് അരിക് കെട്ടുന്നതിനുവേണ്ടി മണ്ണ് എടുത്തുമാറ്റിയെങ്കിലും കരിങ്കൽ കെട്ടിയില്ല. അരികിലുള്ള തോട്ടിൽനിന്ന്‌ വെള്ളം കയറുന്നതിനാൽ കരിങ്കൽക്കെട്ടിന് ഫൗണ്ടേഷൻ എടുക്കാൻ സാധിക്കാത്തതാണ് അറ്റകുറ്റപ്പണി നിർത്തിവെക്കാൻ കാരണമായി പറയുന്നത്. സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ തോട് തിരിച്ചുവിടാനുള്ള നീക്കവും നടന്നില്ല.

ഇനി മഴമാറി തോട്ടിലെ വെള്ളംകുറയുന്ന സാഹചര്യത്തിലേ അറ്റകുറ്റപ്പണി പുനരാരംഭിക്കൂവെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. മൂന്നാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കുമെന്നായിരുന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ മുമ്പ് പറഞ്ഞിരുന്നത്.

മഴ മാറി അറ്റകുറ്റപ്പണി പൂർത്തിയാകാൻ ഇനിയും ആഴ്ചകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഗതാഗതം നിരോധിച്ച റൂട്ടിൽ ബസുകൾ കുപ്പായക്കോട് പാലത്തിന് അക്കരെയും ഇക്കരെയുമായി ആളെയിറക്കി തിരിച്ചുപോവുകയാണ്. കോടഞ്ചേരി മേഖലയിലെ ആറോളം വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും യാത്രക്കാരും ഈങ്ങാപ്പുഴയ്ക്കും കോടഞ്ചേരിയും ചുറ്റിവളഞ്ഞ് ദീർഘദൂരം യാത്രചെയ്ത് പോകേണ്ട ഗതികേടിലാണ്.

കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിൽ കുപ്പായക്കോട് പാലത്തിനു സമീപം 50 മീറ്ററോളം ദൈർഘ്യത്തിൽ 20 അടിയിലേറെ ഉയരമുള്ള കരിങ്കൽക്കെട്ടാണ് തോട്ടിലേക്ക് വീണത്.

Related Articles

Leave a Reply

Back to top button