Thiruvambady

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപക സമരത്തിന് പിന്തുണയുമായി തിരുവമ്പാടി യൂണിറ്റും

തിരുവമ്പാടി: സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തിരുവമ്പാടിയിലെ മുഴുവൻ വ്യാപാരികളും ഇന്ന് രാവിലെ പത്ത് മണിക്ക് കടകളടച്ച് കോവിഡ് മാനദണ്ഡ പ്രകാരം മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും സംഘടനയുടെ കൊടിയും പ്ലക്കാർഡുകളും പിടിച്ച് പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

കണ്ടയ്മെന്റ് സോണുകൾക്ക് പകരം മൈക്രോ കണ്ടയ്മെന്റ് സോണുകൾ നടപ്പിലാക്കുക, കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള ഉദ്യോഗസ്ഥ പീഢനങ്ങൾ അവസാനിപ്പിക്കുക, ലൈസൻസിന്റെ പേരിൽ നടത്തുന്ന അന്യായമായ പിഴ ശിക്ഷകൾ ഒഴിവാക്കുക, പരിധിയിൽ കൂടുതൽ പിരിച്ചെടുത്ത പ്രളയ സെസ്സ് നിർത്തലാക്കുക, ജിഎസ്റ്റിയുടെ പേരിൽ നടപ്പിലാക്കുന്ന അന്യായമായ പിഴശിക്ഷകൾ നിർത്തി വെക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരിൽ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസുകൾ പിൻവലിക്കുക, കേരളത്തിൽ എല്ലാ സ്ഥലത്തും കടകൾ തുറക്കുന്നതിനും അടക്കുന്നതിനും ഒരേ മാനദണ്ഡങ്ങൾ സ്വീകരിക്കുക, അനധികൃത വഴിയോര വാണിഭങ്ങൾ നിരോധിക്കുക, മൊറോട്ടോറിയം കാലത്തെ ബാങ്ക് പലിശ പൂർണ്ണമായും ഒഴിവാക്കുക, പുതുക്കിയ വാടകക്കുടിയാൻ നിയമം ഉടൻ നടപ്പിലാക്കുക, റോഡ് വികസനത്തിന്റെ പേരിൽ സ്ഥാപനം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തിയത്.

തിരുവമ്പാടി വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ്, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ഗഫൂർ സിൻഗാർ, സണ്ണി തോമസ് കെ ജെ ടി, റഷീദ് ടി ആർ സി എന്നിവർ പങ്കെടുത്തു. ടൗണിൽ നടന്ന പ്രതിഷേധ പരിപാടിക്ക് നദീർ എം ടി എസ്, വിജയമ്മ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button