Kodanchery

നൂറാംതോട്ടിൽ കലമാൻ എത്തി; പിടികൂടി വനത്തിൽ വിട്ടു

കോടഞ്ചേരി∙ പഞ്ചായത്തിലെ നൂറാംതോട് അങ്ങാടിയിലെത്തിയ കലമാൻ (മലാൻ) നാട്ടുകാർക്ക് കൗതുക കാഴ്ചയായി. രാവിലെ നൂറാംതോട് അങ്ങാടിക്ക് സമീപം നിലയുറപ്പിച്ച മലാനെ പിന്നീട് വനം വകുപ്പ് ജീവനക്കാരെത്തി പിടികൂടി വനത്തിൽ വിട്ടു. നാട്ടുകാരെ കണ്ട് ഭയന്ന് ഓടിയ മലാൻ നൂറാംതോട് കോൺവന്റ് കുളത്തിൽ വീണു. കുളത്തിൽ നിന്നു കയറി പിന്നീട് നൂറാംതോട് അങ്ങാടിക്ക് സമീപമുള്ള തോട്ടിൽ നിലയുറപ്പിച്ചു. വനം വകുപ്പ് ആർആർടി സേന എത്തി നാട്ടുകാരുടെ സഹായത്തോടെ മലാനെ പിടികൂടി.

താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എം.കെ.രാജീവ് കുമാർ, ഫോറസ്റ്റ് അസി. വെറ്ററിനറി സർജൻ അരുൺ സത്യൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ആർആർടി പി.രാജീവ്, ടി.വി.ഷൈരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എസ്.ബി.സന്ദീപ്, ഭവ്യ ഭാസ്കർ, ആർആർടി ടീം അംഗങ്ങളായ കരീം, ഷബീർ, ജിതേഷ്, പി.മുരളീധരൻ, മുസ്തഫ, ഉസൈൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോരിച്ചൊരിയുന്ന മഴയിൽ സാഹസികമായാണ് മലാനെ പിടികൂടിയത്.

തുടർന്നു വനം വകുപ്പ് വാഹനത്തിൽ കൊണ്ടുപോയി. വനത്തിൽ നിന്നു മലാനെ കാട്ടുനായ്ക്കൾ ഓടിച്ച് നാട്ടിലെത്തിച്ചതാണെന്നു കരുതുന്നതായി വനം വകുപ്പ് ജീവനക്കാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button