Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി; 14.48 കോടിയുടെ പദ്ധതിയ്ക്ക് ഡി.പി.സി അംഗീകാരം

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 14,48,17579 രൂപയുടെ 195 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പൊതു വിഭാഗം വികസന ഫണ്ടിൽ 2,91,62,000 രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. ലൈഫ് ഭവന പദ്ധതി, വിവിധ കാർഷിക വികസന പദ്ധതികൾ, മൃഗസംരക്ഷണ, ക്ഷീര വികസന , മത്സ്യ വികസന പദ്ധതികൾ, സംരംഭ പ്രോത്സാഹ പദ്ധതികൾ, ആരോഗ്യ പദ്ധതികൾ, അങ്കണവാടി വികസന പദ്ധതികൾ, ഭിന്നശേഷി കുട്ടികൾക്കുള്ള ക്ഷേമ പദ്ധതികൾ, അഗതി-അതിദാരിദ്യ പുനരധിവാസ പദ്ധതികൾ, ട്രാക്ക്-സമഗ്ര കായിക വികസന പദ്ധതി, പെയിൻ ആൻറ് പാലിയേറ്റിവ്, വീട് വാസയോഗ്യമാക്കൽ, ബഡ്സ് റിയാബിലിറ്റേഷൻ സെന്റർ, വയോശ്വാസ്-വയോജന ക്ഷേമ പദ്ധതി തുടങ്ങി ഉദ്പാദന-സേവന മേഖലയിൽ 69 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.

പട്ടികജാതി വികസന ഫണ്ടായി 41,40,000 രൂപയാണ് വകയിരുത്തിയത്. ലൈഫ് പാർപ്പിട പദ്ധതി, പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, വനിതകൾക്ക് വിവാഹ ധന സഹായം, വീട് വാസയോഗ്യമാക്കൽ, പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ്, പട്ടികജാതി ഗ്രൂപ്പുകൾക്ക് ചെണ്ടകൾ വാങ്ങി നൽകൽ, വനിതകൾക്ക് സ്വയം തൊഴിൽ, പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുടങ്ങി 11 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പട്ടിക വർഗ വികസന ഫണ്ട് 6,96,000 രൂപയാണ് വകയിരുത്തിയത്. പട്ടിക വർഗ്ഗ കോളനികളിൽ ആയുർവേദ പരിചരണം, ഗോത്രസാരഥി, ട്രൈബൽ മെഡിക്കൽ ക്യാമ്പ്, വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് നൽകൽ തുടങ്ങി 5 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. റോഡുകളുടെ പുനരുദ്ധാരണ പ്രവ്യത്തികൾക്കായി 6,24,17000 രൂപയാണ് വകയിരുത്തിയത്. ഗ്രാമത്തിലെ 72 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി നടക്കുക.

കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് (സാധാരണ വിഹിതം) ഇനത്തിൽ ലഭ്യമാകുന്ന 57,94,800 രൂപ ഉപയോഗിച്ച് ഓപ്പൺ ജീംനേഷ്യം, ബസ് സ്റ്റാനന്റ് നവീകരണം, ഗ്രാമത്തിലെ പുതിയ റോഡുകളുടെ വികസനം തുടങ്ങി 21 പദ്ധതികൾ ഇതിന്റെ ഭാഗമായി നടക്കും. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് (ടൈഡ്) ഇനത്തിൽ 86,91,600 രൂപയുടെ പദ്ധതിയുടെ ഭാഗമായി കിച്ചൻ മാലിന്യ സംസ്കരണ പദ്ധതി, ജലാശയ പുനരുജ്ജീവന പദ്ധതി, തിരുവമ്പാടി ടൗൺ ഡ്രൈനേജ് ഉൾപ്പെടെ 4 പദ്ധതികൾക്കാണ് അംഗികാരം ലഭിച്ചത്. വിവിധ പദ്ധതികൾക്കായി 21,14,986 രൂപ തനത് ഫണ്ടും വകയിരുത്തിയിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറിമാൻ പദ്ധതികൾ അവതരിപ്പിച്ചു.

Related Articles

Leave a Reply

Back to top button