Thiruvambady

തിരുവമ്പാടിയിൽ റോഡരികിൽ വീട്ടിലെ അജൈവ മാലിന്യം തള്ളി; 10000 രൂപ പിഴ ഈടാക്കി അധികൃതർ

തിരുവമ്പാടി: അമ്പലപ്പാറ വീട്ടിൽ നിന്നുള്ള അജൈവ മാലിന്യം ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയതിന് 10000 രൂപ പിഴ ഈടാക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്. രാവിലെ റോഡരികിൽ ചാക്കിൽ കെട്ടിവച്ച നിലയിൽ മാലിന്യം കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ചാക്കിലെ മാലിന്യത്തിൽ നിന്നും ലഭിച്ച സ്‌കൂൾ കുട്ടിയുടെ പുസ്തകത്തിലെ അഡ്രസ്സിൽ നിന്നാണ് തെളിവ് ലഭിച്ചത്. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, അസിസ്റ്റൻറ് സെക്രട്ടറി രഞ്ജിനി ടി, ക്ലർക്ക് നവീൻ എസ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ.ബി, അയന എസ്സ്.എം, ഹരിത കർമ്മസേനാ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

കഴിഞ്ഞ ദിവസം പാതിരാമണ്ണ് റോഡരികിൽ കോഴിക്കോട് നഗരത്തിൽ നിന്നുള്ള കൂൾബാറിലെ മാലിന്യം തള്ളിയവർക്ക് 22000 രൂപ പിഴ ഈടാക്കി നടപടിയെടുത്തതിനു പിന്നാലെയാണ് ഇന്നത്തെ സംഭവം. ഇത്തരത്തിൽ പൊതുസ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് അറിയിച്ചു. ജൂൺ 5ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചതിനാൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും മാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ്മ സേനയെ ഏല്പിക്കാതെ കത്തിക്കുകയും വലിച്ചെറിയുകയും യൂസർ ഫീ നല്കാതിരിക്കുന്നവർക്കെതിരെയും കർശനമായി നിയമ നടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.

Related Articles

Leave a Reply

Back to top button