Karassery
കുടിവെള്ളപദ്ധതി പാതിവഴിയിൽ; വെള്ളമെത്തുന്നതും കാത്ത് പുതിയോട്ടിൽ കോളനി

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പുതിയോട്ടിൽ കോളനിവാസികൾക്കായി കുടിവെള്ളപദ്ധതി അനുവദിച്ചിട്ട് വർഷങ്ങളായി. നിർമാണം പാതിനിലയിൽ കിടക്കുകയാണ്. കോളനിയിലെ 33 കുടുംബങ്ങളും അയൽപ്രദേശത്തെ കുടുംബങ്ങളും വെള്ളം ലഭിക്കുന്നത് കാത്തിരുന്നു മടുത്തു. സമരത്തിന് ഒരുങ്ങുകയാണ് കോളനിവാസികൾ.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 10 ലക്ഷം രൂപ വകയിരുത്തി ചെറുപുഴയുടെ തീരത്ത് കിണർ നിർമിച്ചിട്ട് മൂന്നുവർഷത്തോളമായി. പിന്നീട് ഇപ്പോഴത്തെ ഭരണസമിതി കഴിഞ്ഞവർഷം എരേച്ചൻതടംകുന്നിൽ 10 ലക്ഷം അനുവദിച്ച് ടാങ്കുകളും സ്ഥാപിച്ചു. ശേഷിക്കുന്ന പ്രവൃത്തികൾ ബാക്കി കിടക്കുകയാണ്. പമ്പുസെറ്റ് സ്ഥാപിച്ച് ടാങ്കിലേക്കും ടാങ്കിൽനിന്ന് വീടുകളിലേക്കും പൈപ്പ് കണക്‌ഷനും ടാപ്പുകളും സ്ഥാപിച്ച് വൈദ്യുതി കണക്‌ഷനുംകിട്ടിയാൽ മാത്രമേ വീടുകളിലേക്ക് ജലവിതരണം ആരംഭിക്കാനാകൂ.