കോട്ടമുഴി പാലം പണി; കടുത്ത യാത്രാക്ലേശത്തിൽ നാട്ടുകാർ
കാരശ്ശേരി : മഴയാരംഭിച്ചതോടെ കക്കാട് കോട്ടമുഴി പാലം പുതുക്കിപ്പണി നടക്കുന്ന കൊടിയത്തൂർ-മുക്കം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായി. പൊളിച്ച പാലത്തിനു സമാന്തരമായി ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഉപയോഗിക്കുന്നതിനായി താത്കാലികപാലം കെട്ടിയുണ്ടാക്കിയിട്ടുണ്ട്. മഴയാരംഭിച്ചതോടെ ഇത് അപകടപാതയായി. വെള്ളം കെട്ടിനിന്ന് ഈ പാത വലിയ ചെളിക്കുഴിയായി മാറിയതിനാൽ ഇരുചക്രവാഹനങ്ങൾമാത്രമല്ല, നടന്നുപോകുന്നവരും തെന്നിവീഴുന്ന അവസ്ഥയാണ്. മഴ ശക്തമാകുന്നതോടെ കൂടുതൽ അപകടാവസ്ഥയിലാകും. സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾമാത്രമാണ് ബാക്കിയുള്ളത്. കൊടിയത്തൂർ, ചെറുവാടി, ചേന്ദമംഗലൂർ പ്രദേശങ്ങളിലെ വിവിധ സ്കൂളുകളിലേക്കായി ധാരാളം കുട്ടികൾക്ക് പോകാനുള്ള വഴിയാണിത്.
മുക്കത്തുനിന്ന് കൊടിയത്തൂരിലേക്കുള്ള ബസുകൾ കാരശ്ശേരി എത്തി കറുത്തപറമ്പ് വഴി തിരിച്ചുവിടുകയാണ്. എന്നാൽ, ബസുകളിൽ അധികവും കാരശ്ശേരിയിൽ വരാതെ അരീക്കോട് റോഡിൽ നേരേ നെല്ലിക്കാപ്പറമ്പ് വഴി കടന്നുപോകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. ഇതുമൂലം കക്കാട്, കാരശ്ശേരി, ചോട് പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് പ്രത്യേകം വണ്ടിവിളിച്ച് യാത്രചെയ്യേണ്ട അവസ്ഥയുമുണ്ട്. കക്കാട് കെ.പി.ആർ. സ്മാരക വായനശാലയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളായ മഞ്ചറ അഹമ്മദ്കുട്ടി, ടി.പി. അബൂബക്കർ, പാറക്കൽ അബ്ദുറഹ്‌മാൻ, ശുകൂർ മുട്ടാത്ത്, നജീബ് പുതിയോടത്ത്, ഖാസിം തോട്ടത്തിൽ തുടങ്ങിയവർ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിന് എൻജിനിയറോടും പഞ്ചായത്തധികൃതരോടും ആവശ്യപ്പെട്ടു.
പരാതിയെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, വാർഡ് മെമ്പർ ആമിന എടത്തിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ബന്ധപ്പെട്ട എൻജിനിയറെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും തടസ്സം നേരിടാത്ത രീതിയിൽ ഗതാഗതസൗകര്യം ഒരുക്കുന്നതിനും നിർദേശം നൽകിയതായി പ്രസിഡന്റ് പറഞ്ഞു.