കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ മഴമറക്കൃഷി വിളവെടുപ്പ് ആരംഭിച്ചു

കൊടിയത്തൂർ: സലഫി പ്രൈമറി സ്കൂളിൽ കൊടിയത്തൂർ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കുട്ടികൾ നടത്തുന്ന മഴമറ കൃഷിയുടെ ഈ വർഷത്തെ വിളവെടുപ്പ് ഔദ്യോഗികമായി ആരംഭിച്ചു. 2021-22 അധ്യായന വർഷത്തിൽ ആരംഭിച്ച 50/50 കാർഷിക പദ്ധതിയുടെ ഭാഗമായാണ് മഴമറ കൃഷി നടത്തുന്നത്.
ഈ പദ്ധതി പ്രകാരം വിദ്യാലയത്തിൽ നടത്തിയ കൃഷിക്കൊപ്പം തന്നെ കുട്ടികളുടെ വീടുകളിലും പപ്പായ, വാഴ, കമുക്, പച്ചക്കറികൾ എന്നിവയുടെ കൃഷി നടത്തുന്നുണ്ട്. കുട്ടികളിൽ കാർഷിക പ്രവർത്തനത്തിന്റെ അഭിരുചി വളർത്തുകയും കൃഷിരീതികൾ പഠിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതി, പഠനത്തിന് തടസ്സമില്ലാത്ത രീതിയിലാണ് മുന്നോട്ട് കൊണ്ട് പോവുക .
വാഴ കൃഷിയിലൂടെ ലഭിച്ച കുലകൾ സ്കൂളിൽ എത്തിക്കുന്നതിൽ കുട്ടികളുടെ സജീവ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയായി. വിളവെടുപ്പിന്റെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു നിർവഹിച്ചു.
വാർഡ് മെമ്പർ ഫാത്തിമ നാസർ അധ്യക്ഷത വഹിച്ച പരിപാടിക്ക് അഗ്രികൾച്ചർ അസിസ്റ്റന്റ് ഓഫീസർ നശീദ, എഞ്ചിനിയർ സി.പി മുഹമ്മദ് ബഷീർ, പി.സി അബ്ദുറഹിമാൻ മാസ്റ്റർ, ബീരാൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം സ്വാഗതവും കവിത ടീച്ചർ നന്ദിയും പറഞ്ഞു