കാരമൂലയൊരു ആരാമമാക്കി കരുണ സ്വാശ്രയസംഘം

കാരശ്ശേരി : കാരമൂലയുടെ പ്രവേശന കവാടം ഇപ്പോൾ പുഷ്പാലംകൃതമാണ്. മുക്കം-കാരമൂല-കൂടരഞ്ഞി റോഡും തിരുവമ്പാടി-കുമാരനല്ലൂർ-മണ്ടാംകടവ് റോഡും സംഗമിക്കുന്ന ജങ്ഷൻ കാടുമൂടി കിടക്കുകയായിരുന്നു. നാലുഭാഗത്തേക്കും പോകുന്ന വിദ്യാർഥികളടക്കമുള്ള ധാരാളം യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലം. ഈ ഭാഗം ഇപ്പോൾ പരിമളവും കാന്തിയുംനിറഞ്ഞ ഉദ്യാനമാണ്. പൂന്തോട്ടം ഒരുക്കി ഇവിടം ആകർഷക
മാക്കാൻ പ്രദേശത്തെ കരുണ സ്വാശ്രയ സംഘമാണ് രംഗത്തിറങ്ങിയത്. നിറയെ വിവിധതരം പൂച്ചെടികൾ നട്ടുവളർത്തി മനോഹരമായ വേലിയും ഒരുക്കി. ബസ് കാത്തിരിപ്പ് കേന്ദ്രവും നവീകരിച്ചു. അങ്ങനെ കാരമൂലയുടെ പ്രവേശന കവാടത്തിലെ മനോഹരമായ പൂന്തോട്ടം കാഴ്ചക്കാർക്ക് വിരുന്നായി മാറി. പ്രദേശത്തെ വിവിധരാഷ്ട്രീയകക്ഷി നേതാക്കളടക്കമുള്ള എല്ലാവിഭാഗത്തിലും പെട്ട നാട്ടുകാരുടെ കൂട്ടായ്മയായ കരുണ സ്വാശ്രയസംഘത്തിന്റെ പൂന്തോട്ടം നാടിന്റെ ഐക്യത്തിന്റെ പരിമളം പരത്തുന്നതുകൂടിയാണ്. മുതിർന്ന പൗരന്മാർക്ക് വൈകുന്നേരങ്ങളിൽ സൗഹൃദം പങ്കുവെക്കാനുള്ള ഇടവുമാണ് ഒരുങ്ങിയിട്ടുള്ളത്.
കരുണ സ്വാശ്രയസംഘം പ്രസിഡന്റ് അബ്ദു തരിപ്പയിലും സെക്രട്ടറി ടി.കെ. സുധീരനുംചേർന്ന് പൂന്തോട്ടം ഉദ്ഘാടനം ചെയ്തു. എ.പി. മുരളീധരൻ, ഹംസ താഴത്തെതിൽ, സംഘം ട്രഷറർ ടി.പി. ശിവരാജൻ, പി.പി. ബാലകൃഷ്ണൻ, ടി.കെ. ഷൺമുഖൻ, അനിൽ കാരാട്ട്, ടി.കെ. ഷാജി, മിനി പൊന്നു, ഗോപാലൻ പുഴിയോറമ്മൽ എന്നിവർ സംസാരിച്ചു. എം. സുന്ദരൻ, കെ.പി. സുബ്രഹ്മണ്യൻ ,ശ്രീനിവാസൻ വടക്കേയിൽ, എ.പി. അനിൽ കുമാർ, പി. ഉസ്സൻ, സുരേന്ദ്രൻ വെളുത്തേടത്ത്, ഫൈസൽ പഴനിങ്ങൽ എന്നിവർ നേതൃത്വംനൽകി.