കാരമൂലയിൽനിന്ന് ഒരു ഫുട്ബോൾ താരോദയം

കാരശ്ശേരി : ഇന്ത്യൻ ഫുട്ബോൾ രംഗത്ത് പുത്തൻ പ്രതീക്ഷകളുയർത്തി കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽനിന്ന് ഒരു താരോദയം. രാജ്യത്തെ പ്രമുഖ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ എ.ടി.കെ. മോഹൻ ബഗാൻ സൂപ്പർ ജയന്റ് ടീം അംഗമായി കാരമൂല സ്വദേശി മുഹമ്മദ് നിയാജ് തിരഞ്ഞെടുക്കപ്പെട്ടു.
കുറാമ്പ്ര മമ്മദ്-ഫാത്തിമ ദമ്പതിമാരുടെ ഇളയമകനാണ് നിയാജ്.
കാരമൂലയിലെ ഫുട്ബോൾ ക്ലബ്ബായ കെ.എഫ്.എ.യിലൂടെയാണ് നിയാജ് കാൽപ്പന്തുകളിയുടെ ലോകത്തേക്ക് കടന്നുവന്നത്. കോർട്ടിൽ അതിശയകരമായ തന്ത്രങ്ങളും പ്രകടനങ്ങളുമായി ശ്രദ്ധനേടിയ നിയാജ് കോഴിക്കോട് ദേവഗിരി കോളേജിൽ ഡിഗ്രിക്ക് ചേർന്നതോടെ കൂടുതൽ ശാസ്ത്രീയമായ പരിശീലനങ്ങളിലൂടെ മികവ് കൈവരിച്ചു. കളിക്കളത്തിലെ മിന്നുംപ്രകടനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈ പ്രകടനംകൂടിയാണ് നിയാജിനെ സ്വീകരിക്കാൻ മോഹൻ ബഗാന് പ്രേരണയായത്.
ഞായറാഴ്ച രാവിലെ കരിപ്പൂര് വഴി കൊൽക്കത്തയിൽ എത്തിയ നിയാജിനെ മോഹൻ ബഗാൻ അധികൃതർ സ്വീകരിച്ച് ക്ലബ്ബ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഫുട്ബോൾ രംഗത്ത് ഭാവി പ്രതീക്ഷയായി ഒരു താരത്തെ സംഭാവനചെയ്യാനായതിൽ കാരമൂലയിലെ നാട്ടുകാരും കെ.എഫ്.എ. ക്ലബ്ബ് അംഗങ്ങളും അഭിമാനവും സന്തോഷവും പങ്കിടുകയാണ്.