Kodanchery

വനം വകുപ്പിന്റെ കർഷക ദ്രോഹ നടപടിക്കെതിരെ ഇന്ത്യൻ കിസാൻ കോൺഗ്രസ് പ്രതിഷേധിച്ചു

കോടഞ്ചേരി: കൂരോട്ടുപാറയിൽ കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായ കൃഷിനാശം വരുത്തിയിട്ടും വനാതിർത്തിയിൽ നിന്ന് കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റി വിടാനുള്ള നടപടി സ്വീകരിക്കാതെ കർഷകരെ ദ്രോഹിക്കുന്ന വനംവകുപ്പിന്റെ നടപടിയിൽ കിസാൻ കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ച കർഷകർക്ക് അടിയന്തര സഹായം എത്തിക്കണമെന്നും മേഖലയിലെ വന്യമൃഗ ശല്യം തടയാൻ വനംവകുപ്പ് കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയും കാർഷിക വിളകളുടെ രോഗങ്ങളും വന്യമൃഗ ശല്യവും മൂലം ആത്മഹത്യയുടെ വക്കിലായ കർഷകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബഹുജന സമരം നടത്താനും യോഗം തീരുമാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ സണ്ണി കാപ്പാട്ട്മല, ടോമി കൊന്നക്കൽ, കെ.എം പൗലോസ്, വിൻസന്റ് വടക്കേമുറിയിൽ, സാബു മനയിൽ, ജൂബിൻ മണ്ണുകുശുമ്പിൽ, ജെയിംസ് കിഴക്കുംകര, ബെന്നി മറ്റപ്പള്ളി, സന്തോഷ് വാലോലി, മാത്യു കുറൂര് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button