Kodanchery

കോടഞ്ചേരിയിൽ കാട്ടാന കൃഷി നശിപ്പിച്ച കൃഷിയിടങ്ങളിൽ അധികൃതർ സന്ദർശനം നടത്തി

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കൂരോട്ടുപാറയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ കൃഷിനാശം വരുത്തിയ സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വാർഡ് മെമ്പർ ലീലാമ്മ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാന സുബൈർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ, സിസിലി ജേക്കബ്, ജയിംസ്, മാത്യു തുടങ്ങിയവർ അടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.

നിരവധി തെങ്ങുകൾ, വാഴത്തോട്ടങ്ങൾ, കാമുക്, ജാതി, കൊക്കോ തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ മേഖലയിൽ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കാർഷിക മേഖലയിറങ്ങുന്ന കാട്ടുമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കുവാൻ ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച സോളാർ ഫെൻസിംങ്ങ് കഴിഞ്ഞവർഷം 100% തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം ഉപയോഗിച്ച് നടപ്പിലാക്കിയതാണ്. എന്നാൽ ഈ വർഷം സർക്കാരിൻറെ നൂതന പദ്ധതികളിൽ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് 50 ശതമാനം ഗുണഭോക്ത വിഹിതം നിർബന്ധമാക്കിയതിനെ തുടർന്നാണ് നാല്, ഏഴ് വാർഡുകളുടെ വനാതിർത്തികളിൽ സോളാർ ഫെൻസിങ് നടത്തുന്നതിന് തടസ്സം നിൽക്കുന്നതെന്നും ആയത് പരിഹരിക്കുവാൻ കോഡിനേഷൻ കമ്മിറ്റിക്ക് വീണ്ടും എഴുതുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

വന അതിർത്തികളിൽ കൃഷി ചെയ്യുന്ന കൃഷിക്കാർക്ക് നിരന്തരം ഭീഷണി ഉയർത്തുന്ന ആനയടക്കമുള്ള കാട്ടുമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ വനംവകുപ്പിന്റെ ഭാഗത്തു ഉണ്ടാകേണ്ടതാണെന്നും നാശനഷ്ടം സംഭവിച്ച കൃഷിക്കാർക്ക് കാലാനുസൃതമായ നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കുവാൻ വനംവകുപ്പ് ഭാഗത്തുനിന്ന് അടിയന്തര നടപടികളും ഉണ്ടാകേണ്ടതാണെന്നും സംഘം വിലയിരുത്തി.

Related Articles

Leave a Reply

Back to top button