Thiruvambady
മലയോര മേഖലയിൽ മഴ തുടരുന്നു; മരം വീണ് വീടിന് നാശനഷ്ടം

തിരുവമ്പാടി: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. വനമേഖലയിലെ വൃഷ്ടിപ്രദേശങ്ങളിൽ രണ്ടാഴ്ചയായി കനത്തമഴയാണ് ലഭിക്കുന്നത്. നീരൊഴുക്കായി മാറിയിരുന്ന ഇരുവഴിഞ്ഞിപ്പുഴയിൽ ഉൾപ്പെടെ ജസസ്രോതസ്സുകളിൽ ജനലനിരപ്പ് കുത്തനെ ഉയർന്നിട്ടുണ്ട്. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ അംബേദ്‌കർ ആദിവാസി കോളനിയിലെ കൂറ്റൻമരം കടപുഴകി വീടിനുമുകളിൽ വീണു.
വെള്ളിയാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലുമാണ് കോളനിയിലെ അറ്റത്ത് ബാലന്റെ കോൺക്രീറ്റ് വീടിന് മുകളിൽ മരം വീണത്. വീടിൻ്റെ ചുമരുകൾ വിണ്ടുകീറിയിട്ടുണ്ട്. സൺഷേഡ് പൊട്ടിയ നിലയിലാണ്. കഴിഞ്ഞ വർഷം പണിത വീടാണിത്. ബാലന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്നും ലൈഫ് മിഷൻ പദ്ധതി നടപ്പാക്കണമെന്നും വാർഡംഗം മഞ്ജു ഷിബിൻ ആവശ്യപ്പെട്ടു.