Kodanchery

മലയോര മേഖലയിൽ കാട്ടുപന്നി കൃഷിനാശം തുടരുന്നു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി ഭാഗത്ത്‌ കാട്ടുപന്നി ശല്യം അതിരൂഷമായി തുടരുന്നു. പുല്ലൂരാംപാറ സ്വദേശി ബിജു മണിയങ്ങാട്ടിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടുപന്നികൾ നൂറോളം മൂട് കപ്പയാണ് നശിപ്പിച്ചത്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ മലയോര മേഖലകളിലെ കൃഷിക്കാരുടെ കാർഷികവിളകൾ കാട്ടുപന്നികൾ അടക്കമുള്ള വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് പതിവായിട്ടും അധികൃതർ കാണിക്കുന്ന ഗൂഢമായ മൗനത്തിന്റെ അർത്ഥം വ്യക്തമാക്കണമെന്നും കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചുകൊണ്ട് അവയെ കൃഷിയിടത്തിൽ വച്ചുതന്നെ കർഷകർക്ക് ഉന്മൂലനം ചെയ്യുന്നതിനുള്ള അനുമതി നൽകി അത് നടപ്പിലാക്കുന്നത് വേഗത്തിലാക്കണമെന്നും കൃഷി നഷ്ടപ്പെട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്നും കാട്ടുപന്നികൾ നശിപ്പിച്ച കൃഷിയിടം സന്ദർശിച്ച കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

കാട്ടുപന്നികൾ അടക്കമുള്ള വന്യമൃഗങ്ങളെ കൃഷിയിടത്തുനിന്ന് തുരത്തുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കിൽ വരും നാളുകളിൽ കർഷക കോൺഗ്രസ് കർഷകരെ അണിനിരത്തി പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും കർഷക കോൺഗ്രസ്സ് നേതാക്കൾ അറിയിച്ചു. മലയോരമേഖലകളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ കപ്പ, ചേമ്പ് പോലുള്ള ചെറുകിട കൃഷികൾ പാടെ ഉപേഷിക്കുകയാണ്. കഴിഞ്ഞ ദിവസം മേലെ പൊന്നാങ്കയത്തിറങ്ങിയ കാട്ടുപന്നിക്കൂട്ടം കപ്പ, വാഴ തെങ്ങ് തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടാന ശല്ല്യവും കൂടിവരുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി തെങ്ങ് നശിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Back to top button