നാട്ടുകാർ നിരാഹാര സമരത്തിന്; പരിഹാരമില്ലാതെ നീർനായ് ശല്യം
മുക്കം: ഇരുവഴിഞ്ഞിപ്പുഴ, ചാലിയാർ, ചെറുപുഴ എന്നിവിടങ്ങളിൽ നീർനായ് ശല്യം അതിരൂക്ഷമാവുകയും പ്രദേശവാസികൾ പുഴ തീർത്തും ഉപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇരുവഴിഞ്ഞി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് മുന്നിൽ നിരാഹാര സമരം നടത്തുന്നു. നീർനായ് ആക്രമണത്തിൽ പരിക്കേറ്റവരെക്കൂടി ഉൾപ്പെടുത്തിയാണ് സമരം സംഘടിപ്പിക്കുക. നീർനായ് ശല്യത്തിന് പരിഹാര നടപടികൾ സ്വീകരിക്കാത്തതിലും ഇരുവഴിഞ്ഞി കൂട്ടായ്മ ഉൾപ്പെടെ സമർപ്പിച്ച പദ്ധതി അംഗീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് മുക്കം നഗരസഭ, കൊടിയത്തൂർ, കാരശ്ശേരി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ നിരാഹാര സമരം നടത്തുന്നത്.
ഈ മാസം 29ന് കൊടിയത്തൂർ പഞ്ചായത്ത് ഓഫിസിന് മുന്നിലും 30ന് കാരശ്ശേരി പഞ്ചായത്ത് ഓഫിസിന് മുന്നിലും മേയ് ഒന്നിന് മുക്കം നഗരസഭ ഓഫിസിന് മുന്നിലും സമരം നടക്കും. വെറും 75,000 രൂപ മാത്രമാണ് കുളിക്കടവിൽ നെറ്റ് സ്ഥാപിക്കാൻ ചെലവ് വരുന്നുള്ളൂവെന്നും തദ്ദേശസ്ഥാപനങ്ങൾക്കിത് നിസ്സാര തുകയാണെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹി മുസ്തഫ മാസ്റ്റർ ചേന്ദമംഗല്ലൂർ പറഞ്ഞു. അതിനിടെ, തദ്ദേശസ്ഥാപനങ്ങൾ വിഷയത്തിൽ മുഖം തിരിഞ്ഞ് നിൽക്കുമ്പോൾ തന്നെ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്ത വനം വകുപ്പ് നടപടിക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. നാല് വർഷത്തിനിടെ ഇരുവഴിഞ്ഞി പുഴയുടെ ഇരുകരകളിലുമുള്ള മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകളിലും ചാലിയാർ, ചെറുപുഴ എന്നിവയുടെ തീരങ്ങളിലുമുള്ള 250ഓളം പേര്‍ക്കാണ് നീര്‍നായ് ആക്രമണത്തില്‍ പരിക്കേറ്റത്.
എന്നാല്‍, രണ്ടുതവണ പുഴത്തീരത്ത് കൂടുകള്‍ സ്ഥാപിക്കുകയല്ലാതെ നീര്‍നായ്ക്കളെ പിടികൂടാനുള്ള കാര്യമായ നടപടികളൊന്നും വനം വകുപ്പ് ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞവർഷം കൊടിയത്തൂർ തെയ്യത്തുംകടവിൽ നീർനായ് ആക്രമണത്തിന് ഇരയായവരുടെ സംഗമവും നടന്നിരുന്നു. വനമേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനയും കടുവയും പുലിയും ഇറങ്ങുന്നതുപോലെ തന്നെ പുഴയോരവാസികളുടെ ദുരിതവും അധികൃതര്‍ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ പുഴയെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
എന്നാല്‍, നീര്‍നായ് ഭീതിമൂലം പുഴയോട് അടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനെത്തുന്നവരും മീന്‍ പിടിക്കാനെത്തുന്നവരും ചുരുക്കമായി. നീര്‍നായ്ക്കളുടെ ആവാസമേഖലകള്‍ നിരീക്ഷിച്ച് പുഴയില്‍നിന്ന് പൂർണമായി ഒഴിവാക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പലപ്പോഴും ഒറ്റക്ക് കാണപ്പെടുന്ന നീര്‍നായാണ് ആക്രമിക്കുന്നതെന്ന് പുഴയോരവാസികള്‍ പറയുന്നു. വെള്ളത്തിനടിയിലൂടെ ഊളിയിട്ട് വരുന്നതിനാല്‍ ആക്രമണത്തിനെത്തുന്നത് കാണാനാകില്ലെന്നും പരിക്കേറ്റവര്‍ പറയുന്നു. ചെറിയ കുട്ടികളെ കാലില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിഴച്ച സംഭവവും ഉണ്ടായിട്ടുണ്ട്.