കാരമൂല വല്ലത്തായിക്കടവിൽ ഉയരപ്പാലം ഒരുങ്ങുന്നു
കാരശ്ശേരി : ചെറുപുഴയുടെ കാരമൂല വല്ലാത്തായിക്കടവിൽ ഇനി വെള്ളപ്പൊക്കം വന്നാലും ഗതാഗതതടസ്സമുണ്ടാകില്ല. അടുത്ത മഴക്കാലത്തിനുമുൻപ് ഈ കടവിൽ ഉയരംകൂടിയ കോൺക്രീറ്റ് പാലം പണി പൂർത്തിയാകും. മലയോരത്ത് രണ്ട് നല്ല മഴപെയ്താൽ വല്ലത്തായിക്കടവിലെ വീതിയും ഉയരവും കുറഞ്ഞ വെന്റ്പൈപ്പ് പാലം വെള്ളത്തിനടിയിലാവുന്നത് പതിവായിരുന്നു. വർഷകാലമെത്തിയാൽ മിക്കവാറും ദിവസങ്ങളിൽ ഈ റൂട്ടിൽ ഗതാഗതം മുടങ്ങുമായിരുന്നു. തൊട്ടടുത്ത സ്കൂളുകൾ, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലടക്കം എത്തിച്ചേരാൻ കിലോമീറ്റർ ചുറ്റിക്കറങ്ങണമായിരുന്നു.
ഈ കടുത്ത യാത്രാദുരിതത്തിൽനിന്ന് മോചനത്തിനായി വർഷങ്ങൾനീണ്ട കാത്തിരിപ്പിനൊടുവിലാണ് പുതിയ പാലം അനുവദിച്ചത്. കഴിഞ്ഞവർഷം ജനുവരി 15-നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 4.95 കോടി രൂപ ചെലവിലാണ് നിർമാണം. ഏപ്രിലോടെ പണി പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ പാലം വരുന്നതോടെ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ഒട്ടേറെ ഗ്രാമങ്ങളുടെ വികസനവേഗം കൂടും. ഗതാഗതസൗകര്യം കുറവായതിനാൽ കാര്യമായ വികസനമൊന്നും എത്തിനോക്കാത്ത ഈ ഗ്രാമങ്ങൾക്കെല്ലാം വലിയ വികസനത്തിനുള്ള വഴിയാണ് ഈ പാലത്തിലൂടെ കടന്നുവരുന്നത്. മുക്കം, തിരുവമ്പാടി, കുമാരനെല്ലൂർ, ഭാഗങ്ങളിൽനിന്ന് കാരമൂലവഴി വല്ലത്തായിപ്പാറ, തേക്കുംകുറ്റി, മരഞ്ചാട്ടി, കൂമ്പാറ, തോട്ടേക്കാട്, തോട്ടുമുക്കം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പമാർഗമാണിത്. 2021-ൽ പാലം അനുവദിച്ചെങ്കിലും സമീപനറോഡിനുള്ള സ്ഥലം ലഭിക്കാൻ വൈകിയതുകാരണം നിർമാണവും വൈകുകയായിരുന്നു. പാലത്തിന്റെ പ്രവൃത്തി നടത്തുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.