കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വാഴകൃഷി പ്രോത്സാഹനപദ്ധതി ആരംഭിച്ചു
കൊടിയത്തൂർ: 2023-24 ജനകീയാസൂത്രണം പ്രകാരം കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വാഴകൃഷി പ്രോത്സാഹനം പദ്ധതി ആരംഭിച്ചു. കൃഷിക്കാർക്ക് ജൈവ വാഴ കൃഷി പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഒരു വാഴയ്ക്ക് 12 രൂപ സബ്‌സിഡി നൽകി ജൈവ കൃഷിയിലേക്ക് ആകർഷിക്കാനാണ് പദ്ധതി ഊന്നൽ നൽകുന്നത്. കുറഞ്ഞത് 50 നേന്ത്ര വാഴയെങ്കിലും കൃഷി ചെയ്തവർക്കാണ് പദ്ധതി ആനുകൂല്യം നൽകുന്നത്.
ഗ്രാമസഭ ലിസ്റ്റിൽ പേരുള്ള എല്ലാവർക്കും അവരുടെ നികുതിഷീറ്റ്, ബാങ്ക് പാസ്സ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെപകർപ്പ് സഹിതം കൃഷിഭവനിൽ എത്തിയാൽ ആനുകൂല്യം ലഭിക്കുന്നതാണ്. പാട്ടത്തിന് കൃഷി ചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻമാരായ ബാബു പോലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടിഹസൻ, രതീഷ് കളക്കുടികുന്നത്, മെമ്പർമാരായ ടി.കെ അബൂബക്കർ, കരീം പഴങ്കൽ, മജീദ് രിഹ്ല, ഫാത്തിമ നാസർ, കൃഷി അസിസ്റ്റന്റ് നശിദ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൃഷി ഓഫിസർ രാജശ്രീ സ്വാഗതവും അസിറ്റന്റ് ശ്രീജയ് നന്ദിയും പറഞ്ഞു.