Karassery

മുളകുപൊടി വിതറി മോഷണശ്രമം; ഒരാൾ പിടിയിൽ

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറയിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാലപൊട്ടിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് പിടികൂടി. കൂടരഞ്ഞി കോലോത്തുംകടവ് സ്വദേശി ജംഷിദിനെയാണ് മുക്കം പോലീസ് പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്തു. പരാതിക്കാരി പറഞ്ഞ സൂചനകൾ അനുസരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇയാളിലേക്കെത്തിയത്.

കഴിഞ്ഞദിവസം രാത്രിതന്നെ പ്രതിയെ കൂടരഞ്ഞി കോലോത്തുംകടവിലെ വീട്ടിൽനിന്ന് മുക്കം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തേയും ഈ പ്രദേശത്ത് ഇത്തരം കളവുകൾ നടന്ന സാഹചര്യത്തിൽ താമരശ്ശേരി ഡിവൈ.എസ്‌.പി.യുടെ സ്‌ക്വാഡും ജംഷിദിനെ ചോദ്യംചെയ്തിരുന്നു. മുക്കം ഇൻസ്പെക്ടർ മഹേഷ്, എസ്‌.ഐ. വിനോദ് കുമാർ, എ.എസ്‌.ഐ. നൗഫൽ, സീനിയർ സി.പി.ഒ.മാരായ അബ്ദുൽ റഷീദ്, അനീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ബുധനാഴ്ച പുലർച്ചെ 3.30-ഓടെയാണ് വല്ലാത്തായിപ്പാറയിൽ മോഷണശ്രമം നടന്നത്. കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയ പുലർച്ചെ നോമ്പിനുള്ള ഒരുക്കങ്ങൾക്കായി അടുക്കളവാതിൽ തുറന്നപ്പോൾ ഒളിച്ചിരുന്ന മോഷ്ടാവ് മുളകുപൊടി എറിയുകയും മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയുമായിരുന്നു. സഫിയയുടെ മുഖത്തേക്ക് മുകളുപൊടി വിതറിയെങ്കിലും കണ്ണിൽ പതിക്കാത്തതിനാൽ മോഷ്ടാവിനോട് ചെറുത്തുനിന്നു. ശബ്ദംകേട്ട് കുടുംബാംഗങ്ങൾ എത്തിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Back to top button