Karassery

താഴെ തിരുവമ്പാടി – മണ്ടാംകടവ് റോഡിന്റെ പണി ഇഴഞ്ഞുനീങ്ങുന്നു: പ്രവൃത്തി ഉൽഘാടനം കഴിഞ്ഞിട്ട് മസങ്ങളായി

കാരശ്ശേരി: താഴെത്തിരുവമ്പാടി – മണ്ടാംകടവ് റോഡിന്റെ പണി ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയിട്ട് നാളുകളേറെയായി. മൂന്നാഴ്ചയായി മുടങ്ങിക്കിടന്ന സ്ഥലത്ത് രണ്ടുദിവസമായി ഒരാളാണ് പണി നടത്തുന്നത്. നാല് കലുങ്കുകൾ നിർമാണം തുടങ്ങിയിട്ട് ഏഴു മാസമായെങ്കിലും എങ്ങുമെത്തിയില്ല. നിർമാണം നടക്കുന്നിടമെല്ലാം യാത്രക്കാർക്ക് അപകടക്കെണിയുമാണ്.

കരിങ്കല്ലും ചീളുകളും ഉൾപ്പെടെയുള്ള ക്വാറിമാലിന്യം കലുങ്ക് പണിയുന്നിടങ്ങളിൽ കൂട്ടിയിട്ട നിലയിലാണ്. ഇതിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. ഒട്ടേറെ അപകടങ്ങളുമുണ്ടായി. വലിയ വാഹനങ്ങൾ കല്ലുകളിൽ ചാടിക്കയറി ടയറുകൾ കേടാവുന്നത് സ്ഥിരമാണ്. റോഡിന്റെ മറ്റുഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളും വെള്ളക്കെട്ടും ആണ്. രണ്ട് റീച്ചുകളിലായി 5.5 കോടി രൂപ വകയിരുത്തി നാലുകിലോമീറ്റർ ദൂരമുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ ബി.എം. ആൻഡ്‌ ബി.സി. നിലവാരത്തിൽ ടാർ ചെയ്ത് പരിഷ്കരിക്കാനായിരുന്നു പദ്ധതി. ഇതിന് മുന്നോടിയായി നടത്തേണ്ട കലുങ്കുകളുടെയും ഡ്രെയിനേജിന്റെയും പ്രവൃത്തിയാണ് ഇന്നും തുടങ്ങിയയിടത്തുതന്നെ നിൽക്കുന്നത്.

ഫെബ്രുവരി 17-നാണ് മന്ത്രി ജി. സുധാകരൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കുമാരനെല്ലൂർ മുക്കിനും മണ്ടാംകടവിനും ഇടയിൽ പണിയുന്ന നാല് കലുങ്കുകളിൽ മൂന്നെണ്ണം സ്ലാബ് വാർത്തു. ഒരെണ്ണം പകുതി വാർത്തനിലയിൽ ആറുമാസമായി തുടരുന്നു. ഒന്നാംഘട്ടം പണി എങ്ങുമെത്താത്ത സാഹചര്യത്തിൽ അടുത്തൊന്നും നവീകരണം തുടങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. മാത്രമല്ല ഈ റോഡിന്റെ വശങ്ങൾ വ്യാപകമായി കൈയേറ്റം നടന്നിട്ടുള്ളതായും പരാതിയുണ്ട്. ഈ കൈയേറ്റങ്ങൾ കൂടി ഒഴിപ്പിക്കാനുള്ളതിനാൽ നവീകരണ പ്രവൃത്തി പിന്നെയും നീളുമോയെന്ന ആശങ്കയുമുണ്ട്

Related Articles

Leave a Reply

Back to top button