Thiruvambady

മേലെ പൊന്നാങ്കയത്ത് അജ്ഞാതജീവി വളർത്തുനായയെ കടിച്ചുകൊന്നു

തിരുവമ്പാടി: മേലെ പൊന്നാങ്കയത്ത് അജ്ഞാതജീവി വളർത്തുനായയെ കടിച്ചുകൊന്നു. കണ്ണന്താനം സജിയുടെ നായയെയാണ് കൊന്നത്. കഴുത്തിൽ ആഴത്തിലുള്ള പല്ലടയാളമുണ്ട്. ബുധനാഴ്ച വൈകുന്നേരം മേലെ പൊന്നാങ്കയം റോഡിലാണ് സംഭവം. കരച്ചിൽ കേട്ടെത്തിയപ്പോൾ കടുവയോട് സാമ്യമുള്ള ജീവി നായയെ കടിച്ചുപറിക്കുന്നതാണ് കണ്ടതെന്നും കല്ലെറിഞ്ഞ്‌ തുരത്തുകയായിരുന്നുവെന്നും സമീപവാസി പറഞ്ഞു. ചെന്നായയാണെന്ന നിഗമനത്തിലാണ് വനം വകുപ്പധികൃതർ. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട നായരുകൊല്ലി സെക്‌ഷനുകീഴിലുള്ള പ്രദേശമാണിത്. ഇവിടെ കാട്ടാനശല്യം രൂക്ഷമാണ്.

കഴിഞ്ഞ ദിവസം മുത്തപ്പൻപുഴയിൽ പുലിയോട് സാമ്യമുള്ള അജ്ഞാതജീവി കാളക്കിടാവിനെ കടിച്ചുകൊന്നിരുന്നു. വെള്ളരിമലയോട് ചേർന്നുകിടക്കുന്ന കനിയാട്, ഏലത്തോട്ടം വനമേഖലയിൽനിന്നാണ് ഇവിടേക്ക് വന്യമൃഗങ്ങളെത്തുന്നത്. ഈ ഭാഗങ്ങളിലെല്ലാം സൗരോർജവേലി ഭാഗികമായേ ഉള്ളൂ. വന്യമൃഗങ്ങൾ ഭീഷണിയായിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വനാതിർത്തികളോടുചേർന്ന് പൂർണതോതിൽ സൗരോർജവേലി സ്ഥാപിച്ചാലേ ശാശ്വത പരിഹാരമാകൂവെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Back to top button